കൊച്ചി: അശ്ലീലപരാമർശങ്ങൾ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയ ഹണി റോസിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഹണി റോസ് വളരെ കൃത്യമായ ഒരു പരാതിയാണ് ഉന്നയിച്ചിരിക്കുന്നതെന്നും പണക്കൊഴുപ്പിനും പിആർ ബലത്തിനും മുൻപിൽ നിയമവ്യവസ്ഥ മുട്ടിലിഴയരുത് എന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്നും വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
അഭിനേതാവ് ഹണി റോസ് വളരെ കൃത്യമായ ഒരു പരാതിയാണ് പൊതുമാധ്യമത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്. ക്രിമിനൽ വകുപ്പുകൾ ചാർജ് ചെയ്യേണ്ടുന്ന തരം ഗൗരവമായ പരാതിയാണ് ഇത്. ആരോപണ വിധേയനായ സ്വർണ്ണ മുതലാളി കം ചാരിറ്റി നായകനെതിരെ ഇവിടുത്തെ ഭരണകൂടവും ഔദ്യോഗിക നിയമ സംവിധാനങ്ങളും എന്ത് നടപടിയാണ് സ്വീകരിക്കാൻ പോവുന്നത് എന്നറിയേണ്ടതുണ്ട്. പണക്കൊഴുപ്പിനും പിആർ ബലത്തിനും മുൻപിൽ നിയമവ്യവസ്ഥ മുട്ടിലിഴയരുത് എന്ന് ശക്തമായി ആവശ്യപ്പെടുന്നു.
അതേസമയം, നടി ഹണി റോസിനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തി. തൻ്റെ പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഹണി റോസിനെ മോശമായി ചിത്രീകരിക്കണമെന്ന് കരുതിയായിരുന്നില്ല തന്റെ പരാമർശമെന്നും ബോബി ചെമ്മണ്ണൂർ റിപ്പോർട്ടറിനോട് പറഞ്ഞു.
ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ബോബി ചെമ്മണ്ണൂരിനെതിരെ ഐ ടി ആക്റ്റും ചുമത്തിയിട്ടുണ്ട്.
ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.
പൊലീസിൽ പരാതി നൽകിയ കാര്യം ഹണി റോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ബോബി ചെമ്മണ്ണൂർ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ എന്നും താൻ ഭാരത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു എന്നുമായിരുന്നു ഹണി ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. അതിനിടെ, ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയത് സഹികെട്ടതോടെയെന്നായിരുന്നു ഹണി റോസ് റിപ്പോർട്ടറിനോട് പറഞ്ഞത്. തനിക്കും കുടുംബവും വേണ്ടപ്പെട്ടവരുമുണ്ടെന്നും മുഖമില്ലാത്ത അശ്ലീല പ്രചാരകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് ഉറപ്പുനൽകിയിട്ടുണ്ടെന്നും ഹണി പറഞ്ഞിരുന്നു.
Content Highlights: VT Balram supports Honey Rose