കൊച്ചി: ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറന്റ്. ഈ മാസം 20ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഡിവിഷന്‍ ബെഞ്ച് പൊലീസിന് നിർദേശം നൽകി. ഭിന്നശേഷിക്കാരനായ ഡോക്ടര്‍ക്ക് പ്രൊമോഷന്‍ നല്‍കണമെന്ന ഉത്തരവിറക്കാത്തതിലാണ് കടുത്ത നടപടി.
ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥനായ ഡോ. ബി ഉണ്ണികൃഷ്ണന്‍ നല്‍കിയ കോടതിയലക്ഷ്യ ഹർജിയിലാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 2023ലായിരുന്നു ഡോ. ഉണ്ണികൃഷ്ണന് നിയമനം നല്‍കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ഉണ്ടായത്. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും പുനഃപരിശോധനാ ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഉത്തരവിറക്കാന്‍ കഴിഞ്ഞ സെപ്തംബറില്‍ ഹൈക്കോടതി ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയത്.
എന്നാല്‍ ഡോ ബി ഉണ്ണികൃഷ്ണന് അനുകൂല തീരുമാനമെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് ആരോഗ്യ വകുപ്പ് സ്വീകരിച്ചില്ല. തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, സി ജയചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
Content Highlights: Arrest Warrant against Health Department Additional Chief Secretary