മലപ്പുറം: പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റു. മദം ഇളകി ഇടഞ്ഞ ആന തൂക്കിയെറിഞ്ഞ ആൾക്ക് ഗുരുതരപരിക്ക്. ഇയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. നേർച്ചയുടെ സമാപനദിവസമായ ഇന്നലെ രാത്രി 12.30 നാണ് സംഭവം. പുലർച്ചെ 2.15 ഓടെയാണ് ഇടഞ്ഞ ആനയെ തളച്ചത്.
ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നിരവധിപേര്‍ക്ക് പരിക്കേറ്റത്. പാപ്പാൻ ഇടപെട്ട് ആനയെ തളച്ചതോടെ കൂടുൽ അപകടം ഒഴിവായി. 28 ആളുകൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റവരിൽ രണ്ട് പേർ കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇതിൽ ഒരാളുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ബാക്കിയുള്ള പ്രാഥമിക ചികിത്സ നേടിയതിന് ശേഷം ആശുപത്രി വിട്ടു.
Content Highlights: Elephant runs amok during temple festival in Malappuram, several injured