കൊച്ചി: അശ്ലീല പരാമർശങ്ങൾ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയ ഹണി റോസിനെ പിന്തുണച്ച് സിനിമ സംഘടനയായ ഫെഫ്ക. സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിൻ്റെ തുടക്കമായാണ് ഹണിയുടെ പരാതിയെ കാണുന്നതെന്നും ഫെഫ്ക അറിയിച്ചു. 'ഹണി റോസിന് ഞങ്ങളുടെ പിന്തുണ അറിയിക്കുന്നു. ഹണിറോസിൻ്റെ നിശ്ചയദാർഢ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിൻ്റെ നാന്ദിയായി ഞങ്ങൾ കാണുന്നു. ഹണിറോസിന് അഭിവാദ്യങ്ങൾ', എന്നാണ് ഫെഫ്ക ഫേസ്ബുക്കിൽ കുറിച്ചത്.
നേരത്തെ ഹണി റോസിന് പിന്തുണയുമായി എ എം എം എയും വുമൺ ഇൻ സിനിമ കളക്ടീവും രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെയും, നടിയുടെ തൊഴിലിനെയും, അപഹസിക്കുവാൻ ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ എ എം എം എ അപലപിച്ചു. ഹണി റോസിന്റെ നിയമപോരാട്ടങ്ങൾക്ക് പിന്തുണ നൽകുമെന്നും എ എം എം എ സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റി വാർത്ത കുറിപ്പിലൂടെ അറിയിച്ചത്. അവൾക്കൊപ്പം എന്ന ഹാഷ്‌ടാഗോടെ, ഹണി റോസിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഡബ്ള്യുസിസി പിന്തുണ പ്രഖ്യാപിച്ചത്.
അതേസമയം, ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ നിന്നെത്തിയ അന്വേഷണ സംഘം വയനാട്ടിലെ റിസോർട്ടില്‍ വച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ പോകാനായിരുന്നു ബോബി ചെമ്മണ്ണൂരിന്‍റെ ശ്രമം. വൈകാതെ കൊച്ചിയിലേക്ക് എത്തിക്കും. കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി പൊലീസ് കേസെടുത്തിരുന്നു. ഐടി ആക്ടും ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുണ്ട്.
ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഹണി റോസിനെ മോശമായി ചിത്രീകരിക്കണമെന്ന് കരുതിയായിരുന്നില്ല പരാമര്‍ശമെന്നും ബോബി ചെമ്മണ്ണൂര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
Content Highlights: FEFKA extents support to Honey Rose