'പ്രതീക്ഷിച്ചതാണ് സംഭവിച്ചത്, മനുഷ്യത്വപരമാണല്ലോ'; സിപിഐഎം നേതാക്കളായ പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്തതിൽ ശ്രീമതി

പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്യുകയായിരുന്നു

dot image

കാസര്‍കോട്: പെരിയ കേസില്‍ സിപിഐഎം നേതാക്കളായ പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നതായി സിപിഐഎം നേതാവ് പി കെ ശ്രീമതി. പ്രതികളെ ജയിലില്‍ എത്തി കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുന്‍ മന്ത്രി.

'പ്രതികളെ കണ്ടു. വൈകുന്നേരം ഇറങ്ങാന്‍ പറ്റിയേക്കുമെന്നാണ് അറിയുന്നത്. ഇവര്‍ നാലുപേരുടേയും ശിക്ഷാവിധി മരവിപ്പിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. എം വി ഗോവിന്ദന്‍ മാഷ് കഴിഞ്ഞ ദിവസവും പറഞ്ഞില്ലേ ഇക്കാര്യം. മറ്റു പ്രതികളേയും കണ്ടു. കേസുമായി ബന്ധപ്പെട്ടൊന്നും സംസാരിച്ചിട്ടില്ല. അവരെ പോയി കാണുന്നത് മനുഷ്യത്വപരമല്ലേ', എന്നാണ് പി കെ ശ്രീമതി പ്രതികരിച്ചത്.

പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്യുകയായിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എംകെ ഭാസ്‌കരന്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ശിക്ഷ സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 225-ാം വകുപ്പ് അനുസരിച്ച് ശിക്ഷ അഞ്ച് വര്‍ഷമായിരുന്നു പ്രതികള്‍ക്ക് നേരത്തെ നല്‍കിയിരുന്നത്. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും തടഞ്ഞില്ല എന്നതിനുള്ള അഞ്ചുവര്‍ഷം തടവ് ശിക്ഷ ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് പരിഗണനയ്ക്ക് എടുത്തത്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമം 225-ാം വകുപ്പ് മാത്രമല്ലേയുളളുവെന്ന് കോടതി ചോദിച്ചു. തുടര്‍ന്നാണ് ശിക്ഷാ വിധി മരവിപ്പിക്കുന്ന വിധിയിലേക്ക് ഹൈക്കോടതി എത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ഇന്നുതന്നെ പുറത്തിറങ്ങാനാകും. ചെറിയ കാലയളവിലെ ശിക്ഷ മരവിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രിംകോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുണ്ട്.

Content Highlights: Periya Case Verdict pk sreemathi Reaction over high court verdict

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us