എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് എം മുകുന്ദൻ; ആഹാ എന്തുനല്ല ആര്‍ഗ്യൂമെന്‍റെന്ന് വി ടിയുടെ പരിഹാസം

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കേരള നിയമസഭയുടെ സാഹിത്യപുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്നും സ്വീകരിച്ച് സംസാരിക്കവെയായിരുന്നു എം മുകുന്ദന്റെ പരാമര്‍ശം

dot image

കൊച്ചി: പുരസ്‌കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന സാഹിത്യകാരന്‍ എം മുകുന്ദന്റെ പ്രസ്താവനക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും സര്‍ക്കാരിനൊപ്പം മാത്രം നില്‍ക്കാനാണെങ്കില്‍ പിന്നെ എഴുത്തുകാരന്‍ എന്തിനാണെന്ന് വി ടി ബല്‍റാം പരിഹസിച്ചു. എഴുത്തുകാരേക്കാള്‍ തള്ളി മറിക്കാന്‍ പി ആര്‍ഡിയാണ് ബെസ്റ്റ് എന്നും എം മുകുന്ദനെ പരിസഹിച്ച് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കേരള നിയമസഭയുടെ സാഹിത്യപുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്നും സ്വീകരിച്ച് സംസാരിക്കവെയായിരുന്നു എം മുകുന്ദന്റെ പരാമര്‍ശം. 'സര്‍ക്കാരുമായും പ്രതിപക്ഷവുമായും എല്ലാവരുമായും എഴുത്തുകാര്‍ സഹകരിച്ചുപ്രവര്‍ത്തിക്കണം. വലിയൊരു കേരളത്തെ നിര്‍മ്മിക്കാന്‍ ഞാന്‍ ഇനിയും സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും കൂടെ നില്‍ക്കാന്‍ ശ്രമിക്കും. അധികാരത്തിന്റെ കൂടെ നില്‍ക്കരുതെന്ന് പറയുന്നത് തെറ്റായ ധാരണയാണെന്നും പുരസ്‌കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നുമായിരുന്നു എം മുകുന്ദന്റെ വാക്കുകള്‍.

എന്നാല്‍, ഏതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പരിപാടിയില്‍ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ വച്ച് ദേശീയ തലത്തിലെ ഏതെങ്കിലും എഴുത്തുകാരനോ സിനിമാ പ്രവര്‍ത്തകനോ ഒക്കെ പറഞ്ഞതായി ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂവെന്ന് വി ടി ബല്‍റാം ചോദിക്കുന്നു. '

ഇവിടത്തെ ഇതേ ന്യായീകരണത്തൊഴിലാളികള്‍ കൊമ്പും കോലുമായി ഇറങ്ങിയേനെ. ഭരണകൂടത്തിന് കീഴടങ്ങുന്ന സാംസ്‌കാരിക ലോകത്തേക്കുറിച്ച് ഒരുപാട് പ്രബന്ധങ്ങള്‍ ഇതിനോടകം പുറത്തുവന്നേനെ', എന്ന് വി ടി ബല്‍റാം പരിഹസിച്ചു. മുഖ്യമന്ത്രിയെ വേദിയിലിരുത്തി സ്വേച്ഛാധിപത്യ പ്രവണതകള്‍ക്കെതിരെ ശക്തമായ അഭിപ്രായം പറഞ്ഞ എം ടി വാസുദേവന്‍ നായരെ കേരളം ശരിക്കും മിസ് ചെയ്യുന്നുണ്ടെന്നും വി ടി ബല്‍റാം പറഞ്ഞു.

വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം,

ആഹാ.. എന്തു നല്ല ആര്‍ഗ്യുമെന്റ് !


എഴുത്തുകാര്‍ എന്തുവിധേനയും സര്‍ക്കാരിനൊപ്പം നില്‍ക്കണമത്രേ! 'വലിയൊരു കേരളത്തെ നിര്‍മ്മിക്കാന്‍' അതാണത്രേ മാര്‍ഗ്ഗം. ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ എഴുത്തുകാരോട് അങ്ങോട്ട് പറഞ്ഞതല്ല, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള പൊതുചടങ്ങില്‍ വച്ച് ഒരു എഴുത്തുകാരന്‍ സ്വമേധയാ പറഞ്ഞതാണ്.
പ്രമുഖ 'കമ്മ്യൂണിസ്റ്റ് എഴുത്തുകാര'ന്റെ അഭിപ്രായമായതിനാല്‍ ഇതിനെ ഏറ്റെടുക്കാനും ശരിവക്കാനും നൂറുകണക്കിന് സഹ കമ്മ്യൂണിസ്റ്റ് ന്യായീകരണത്തൊഴിലാളികള്‍ ഉണ്ടാവും. കാരണം, കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ എവിടെയും എക്കാലത്തും അങ്ങനെത്തന്നെയാണല്ലോ. സ്തുതിപാഠകര്‍ക്കും പ്രൊപ്പഗാണ്ടിസ്റ്റുകള്‍ക്കും മാത്രമേ നിലനില്‍പ്പുള്ളൂ. അല്ലാത്തവരുടെ അനുഭവമെന്തായിരിക്കുമെന്നതിന് അലക്‌സാണ്ടര്‍ സോള്‍ഷെനിത്സിന്‍ അടക്കമുള്ള നിരവധി ഉദാഹരണങ്ങള്‍ സോവിയറ്റ് യൂണിയന്റെയും ചൈനയുടെയുമൊക്കെ ചരിത്രത്തിലുണ്ട്.
നേരെ തിരിച്ച് ഇത് ഏതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പരിപാടിയില്‍ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ വച്ച് ദേശീയ തലത്തിലെ ഏതെങ്കിലും എഴുത്തുകാരനോ സിനിമാ പ്രവര്‍ത്തകനോ ഒക്കെ പറഞ്ഞതായി ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ. ഇവിടത്തെ ഇതേ ന്യായീകരണത്തൊഴിലാളികള്‍ കൊമ്പും കോലുമായി ഇറങ്ങിയേനെ. ഭരണകൂടത്തിന് കീഴടങ്ങുന്ന സാംസ്‌കാരിക ലോകത്തേക്കുറിച്ച് ഒരുപാട് പ്രബന്ധങ്ങള്‍ ഇതിനോടകം പുറത്തുവന്നേനെ.
കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും സര്‍ക്കാരിനൊപ്പം മാത്രം നില്‍ക്കാനാണെങ്കില്‍ പിന്നെ എഴുത്തുകാരന്‍ എന്തിനാണ്, പിആര്‍ഡിക്കാരന്‍ മാത്രം പോരേ? 'വലിയൊരു കേരള'മുണ്ടാക്കലും '5 ബില്യണ്‍ ഇക്കോണമി'യുണ്ടാക്കലുമൊക്കെ എഴുത്തുകാരേക്കാള്‍ ഭംഗിയായി തള്ളിമറിക്കാന്‍ പിആറുകാര്‍ തന്നെയാണ് ബെസ്റ്റ്.
ഇതേ മുഖ്യമന്ത്രിയെ വേദിയിലിരുത്തി സ്വേച്ഛാധിപത്യ പ്രവണതകള്‍ക്കെതിരെ ശക്തമായ അഭിപ്രായം പറഞ്ഞ എം.ടി. വാസുദേവന്‍ നായരെ കേരളം ശരിക്കും മിസ് ചെയ്യുന്നു.

Content Highlights: V T Balram against M Mukundan over supporting government

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us