കൊച്ചി: പി ജയചന്ദ്രൻ്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗായകൻ ബിജു നാരായണൻ. ഒരുപാട് വർഷത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ദാസേട്ടനൊപ്പം ചേർത്ത് നിർത്തിയ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം പാടുന്നത് ഗായകനെന്ന രീതിയിൽ വലിയ അനുഭവമാണ്. സീനിയർ ആയിട്ടുള്ള ഗായകനാണെന്ന് ഭാവം ഓൺ സ്റ്റേജിലൊ റെക്കോഡിങ്ങിനോ കാണിക്കാറില്ല. എൻ്റെ വീട്ടിൽ അദ്ദേഹം വരാറുണ്ടായിരുന്നു. എൻ്റെ ഭാര്യയും ഇതേ അസുഖം ബാധിച്ചായിരുന്നു മരിച്ചത്. അന്ന് മരിക്കുന്നതിന് രണ്ട് മാസം ഹോസ്പ്പിറ്റലിലായിരുന്നപ്പോൾ എല്ലാ ദിവസവും വിളിച്ച് ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കണം എന്ന് അദ്ദേഹം പറയുമായിരുന്നു. അതൊക്കെ ഭാര്യക്ക് വളരെ ആശ്വാസമായിരുന്നു. ഇന്ന് അദ്ദേഹത്തിനും അതേ അസുഖം ബാധിച്ച് നമ്മളെ വിട്ടു പിരിഞ്ഞുവെന്ന് പറയുമ്പോൾ വളരെ വേദനയുണ്ടെന്നും ബിജു നാരായണൻ റിപ്പോർട്ടറിനോട് പറഞ്ഞു.
'രോഗം മൂർച്ഛിച്ചാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് അറിഞ്ഞത്. അദ്ദേഹത്തിന് ഡോക്ടർമാരോട് ഒരു റിക്വസ്റ്റെ ഉണ്ടായിരുന്നുള്ളു. റെക്കോർഡിങ്ങിന് പാടാൻ സാധിക്കുന്ന സ്ഥിതിയിലാക്കണമെന്നായിരുന്നു അത്. പക്ഷെ ഇപ്പോൾ നോക്കുമ്പോൾ മരിക്കുന്നതിന് കുറച്ച് നാളുകൾ മുൻപ് വരെയും അദ്ദേഹം ആൽബങ്ങൾക്ക് അടക്കം പാടിയിട്ടുണ്ടെന്ന് മനസ്സിലായി.' ബിജു നാരായണൻ പറഞ്ഞു.
content highlight- Biju Narayanan's Response to P Jayachandran's Death