ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷനാകാൻ രാജീവ് ചന്ദ്രശേഖറിനുമേൽ സമ്മർദ്ദം ശക്തമാക്കി ദേശീയ നേതാക്കൾ. രാജീവ് ചന്ദ്രശേഖറുമായി അമിത് ഷാ അടക്കമുളള നിരവധി ദേശീയ നേതാക്കൾ കൂടിക്കാഴ്ച നടത്തി. എന്നാൽ കേരളത്തിലെ ബിജെപിക്കുള്ളിലെ ഗ്രൂപ്പ് തർക്കങ്ങൾ അടക്കമുളള പ്രായോഗിക ബുദ്ധിമുട്ടുകൾ രാജീവ് ചന്ദ്രശേഖർ ദേശീയ നേതാക്കൾക്ക് മുൻപിൽ ആവർത്തിച്ചതായാണ് വിവരം. ജനുവരി 20ന് ഉള്ളിൽ തന്നെ പുതിയ സംസ്ഥാന അധ്യക്ഷനെ അറിയാൻ സാധിച്ചേക്കും.
രാജീവ് ചന്ദ്രശേഖറിൻ്റെയും എം ടി രമേശിൻ്റെയും പേരാണ് പുതിയ സംസ്ഥാന അധ്യക്ഷന്റെ പരിഗണനാ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അമിത് ഷാ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രസിഡൻ്റാകുന്നതുമായി ബന്ധപ്പെട്ട് അമിത് ഷാ രാജീവ് ചന്ദ്രശേഖറിന്റെ അഭിപ്രായം തേടുകയും ചെയ്തിരുന്നു.
കേരളത്തിൽ നേതൃമാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. എന്നാൽ അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരുന്നതിൽ രാജീവ് ചന്ദ്രശേഖറിന് താത്പര്യമില്ല എന്നാണ് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. കേരളത്തിൽ സ്ഥിരമായി തുടരേണ്ടി വരുമെന്നതായിരുന്നു അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിൽ നിന്നും രാജീവ് ചന്ദ്രശേഖർ പിൻവലിയാനുള്ള പ്രധാനകാരണമായത്. കേരളത്തിലെ ബിജെപിയിലെ ഗ്രൂപ്പിസവും താഴെതട്ടിലെ നേതാക്കളുമായി അടുപ്പമില്ലാത്തതും രാജീവ് ചന്ദ്രശേഖർ അമിത് ഷായ്ക്ക് മുൻപാകെ ചൂണ്ടിക്കാണിച്ചിരുന്നു.
കേരളത്തിൽ പുതിയൊരു മുഖം നേതൃസ്ഥാനത്തേയ്ക്ക് വരട്ടെയെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട്. എല്ലാ വിഭാഗത്തെയും ആകർഷിക്കാൻ പറ്റുന്ന ആൾ സംസ്ഥാന പ്രസിഡൻ്റായി വരണമെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം. മാറ്റം ആഗ്രഹിക്കുന്ന ഒരു തലമുറയെ സ്വാധീനിക്കാൻ കഴിയുന്ന നേതാവ് എന്നതാണ് ബിജെപി നേതൃത്വം രാജീവ് ചന്ദ്രശേഖറിന് നൽകുന്ന പരിഗണന. സാമുദായിക നേതാക്കളുമായി രാജീവ് ചന്ദ്രശേഖരിനുള്ള അടുപ്പവും കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്വാധീനവും ഇടപെടലും കേന്ദ്ര നേതൃത്വം കണക്കിലെടുത്തിട്ടുണ്ട്.
Content Highlights: BJP national leaders stand up for rajeev chandrasekhar