'സമാനതകളില്ലാത്ത ഭാവാവിഷ്‌കാരം; ആ ഗാനവീചികള്‍ക്ക് മരണമില്ല'; പി ജയചന്ദ്രനെ അനുസ്മരിച്ച് മുഖ്യമന്ത്രി

കാല ദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്ക് വിരാമമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി

dot image

തിരുവനന്തപുരം: അന്തരിച്ച ഗായകന്‍ പി ജയചന്ദ്രനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കാല ദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്ക് വിരാമമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും ഇന്ത്യയില്‍ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രന്‍. ജയചന്ദ്രന്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രന്‍ ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

സമാനതകള്‍ ഇല്ലാത്ത ഭാവാവിഷ്‌കാരമായിരുന്നു ജയചന്ദ്രന്റെ ഗാനാലാപനത്തെ സമകാലീനരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതില്‍ അസാമാന്യമായ സംഭാവനകള്‍ നല്‍കിയ ഗായകനായി ജയചന്ദ്രനെ ചരിത്രം രേഖപ്പെടുത്തും. മലയാള ഭാഷതന്‍ മാദക ഭംഗിയാണ് ആ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത്. തലമുറകളുടെ ഹൃദയം കവര്‍ന്ന നാദ വിസ്മയത്തിനാണ് ഇവിടെ തിരശ്ശീല വീഴുന്നത്. മലയാള സംഗീത ലോകത്തിനും ചലചിത്ര സംഗീത ലോകത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് ജയചന്ദ്രന്റെ വേര്‍പാട് കൊണ്ട് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാടിയ ഒരോ ഗാനവും അനശ്വരമാക്കിയ ജയചന്ദ്രന്‍ വിട പറയുമ്പോള്‍, ആ സ്മരണകള്‍ക്കും ഗാനവീചികള്‍ക്കും മരണമില്ല എന്ന് തന്നെ പറയാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയചന്ദ്രന്റെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ആസ്വാദക സമൂഹത്തിലൊരാളായി ഏവരുടെയും ദുഖത്തില്‍ പങ്ക് ചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ന് വൈകിട്ട് 7.45 ഓടെയായിരുന്നു പി ജയചന്ദ്രന്റെ അന്ത്യം. തൃശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന ഏറെ നാളായി ചികിത്സയിലായിരുന്നു. പി ജയരാജന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും.

Content Highlights- cm pinarayi vijayan condolences to p jayachandran

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us