കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരിച്ച് നടി ഹണി റോസ്. ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തിലല്ല താനെന്നും നിര്‍ത്താതെ വേദനിപ്പിച്ചതുകൊണ്ട് നിവൃത്തിയില്ലാതെ പ്രതികരിച്ചതാണെന്നും ഹണി റോസ് ഫേസ്ബുക്കില്‍ കുറിച്ചു.
ആരെയും ഉപദ്രവിക്കാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ഹണി പറഞ്ഞു. ആരുടേയും വേദനയില്‍ താന്‍ ആഹ്ലാദിക്കുന്നുമില്ല. ഇനിയും പരാതികളുമായി പൊലീസ് സ്റ്റേഷനില്‍ പോകാനുള്ള അവസ്ഥകള്‍ ഉണ്ടാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. നമ്മുടെ നിയമവ്യവസ്ഥക്ക് വലിയ ശക്തിയുണ്ടെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു.
ഹണിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തില്‍ അല്ല ഞാന്‍. നിര്‍ത്താതെ പിന്നെയും പിന്നെയും പിന്നെയും എന്നെ വേദനിപ്പിച്ചത് കൊണ്ട് നിവൃത്തികെട്ട് ഞാന്‍ പ്രതികരിച്ചതാണ്, പ്രതിരോധിച്ചതാണ്. ആരെയും ഉപദ്രവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ആരുടേയും വേദനയില്‍ ഞാന്‍ ആഹ്ലാദിക്കുകയും ഇല്ല. ഇനിയും പരാതികളുമായി പോലീസ് സ്റ്റേഷനില്‍ പോകാന്‍ ഉള്ള അവസ്ഥകള്‍ എനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ നിയമ വ്യവസ്ഥയ്ക്ക് വലിയ ശക്തിയുണ്ട്. സത്യത്തിനും.
Content Highlights- honey rose reaction after boby chemannur remanded