കോഴിക്കോട്: അന്തരിച്ച ഗായകന്‍ പി ജയചന്ദ്രനെ അനുസ്മരിച്ച് ഡോ. എം പി അബ്ദുസമദ് സമദാനി.
മലയാള ഭാഷയുടെ മാദകഭംഗിയുടെയും കേരളീയ സംഗീതത്തിന്റെ ശ്രുതിലയത്തിന്റെയും അതിമനോഹരമായ സമന്വയമായിരുന്നു ജയചന്ദ്രനെന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ അതുല്യമായ ആലാപനങ്ങളും മലയാളിമനസ്സില്‍ അത് സൃഷ്ടിച്ച വൈകാരികവും ഗൃഹാതുരപരവുമായ അനുഭൂതിവിശേഷങ്ങളും അവര്‍ണ്ണനീയമാണ്. ഉന്നതനായ ഗായകനും കലാകാരനും എന്നതോടൊപ്പം വ്യതിരിക്തനായ സംഗീതജ്ഞനുമായിരുന്നു അദ്ദേഹം. സംഗീതത്തിന്റെയും സംസ്‌കാരത്തിന്റെയും മഹിമ കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനായ അദ്ദേഹം തല്‍സംബന്ധമായി സ്വന്തം വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുകയും അത് പലപ്പോഴായി പ്രകടിപ്പിക്കുകയുമുണ്ടായി. പ്രശംസകളോടും അംഗീകാരങ്ങളോടും നിസ്സംഗത പുലര്‍ത്തിയ ജയചന്ദ്രന്റെ ഉള്ളില്‍ സൗമ്യമായൊരു മനസ്സും കളങ്കരഹിതമായൊരു ഹൃദയവുമുണ്ടായിരുന്നു. ജയേട്ടനോട് അടുത്തിടപഴകാന്‍ ലഭിച്ച അവസരങ്ങളിലെല്ലാം അനുഭവപ്പെട്ടത് ഒരു വലിയ മനുഷ്യന്റെ സാമിപ്യമായിരുന്നു. യേശുദാസിനോടൊപ്പം സമ്പന്നമായൊരു സംഗീതയുഗം സൃഷ്ടിക്കുന്നതില്‍ സുപ്രധാനമായ പങ്കുവഹിച്ച ജയചന്ദ്രന്റെ വിയോഗത്തിലൂടെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത്. പക്ഷെ, ക്ഷതമേല്‍ക്കാത്ത ആ സ്വരവിന്യാസം ഇനിയും തലമുറകളെ പ്രചോദിപ്പിക്കുമെന്നും അബ്ദുസമദ് സമദാനി കുറിച്ചു.
ഇന്ന് വൈകിട്ടോടെയാണ് പി ജയചന്ദ്രന്റെ മരണം. പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ എത്തിച്ചു. 7.45 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം. 1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന്‍ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.
Content Highlights: In memory of late singer P. Jayachandran, Dr. MP Abdus Samad Samadani