മലപ്പുറം: ജമാഅത്തെ ഇസ്ലാമിയെ സാദിഖലി തങ്ങൾ അംഗീകരിച്ചത് ആശ്ചര്യ ജനകമെന്ന് കെ ടി ജലീൽ എംഎൽഎ. മുസ്ലിം ലീഗിനെ ജമാഅത്തെ ഇസ്ലാമിയോ, ജമാഅത്തെ ഇസ്ലാമിയെ മുസ്ലീംലീഗോ നേരത്തെ അംഗീകരിച്ചിട്ടില്ല. ജമാഅത്തെ ഇസ്ലാമിയുടെ ഉദ്ദേശം മതരാഷ്ട്രമെന്നും ജമാഅത്തെ ഇസ്ലാമിയെ നയിക്കുന്നത് മൗലാനാ മുദൂദിയുടെ ആദർശങ്ങളെന്നും ജലീലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധത്തെ അനുകൂലിച്ച മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പരാമർശത്തെ വിമർശിച്ചും മുൻകാല ലീഗ് നേതാക്കളുടെ ഇടപെടൽ ചൂണ്ടിക്കാട്ടിയുമാണ് കെ ടി ജലീൽ എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ്.
'ഖാഇദെ മില്ലത്തും ബാഫഖി തങ്ങളും പാണക്കാട് പൂക്കോയ തങ്ങളും സീതിസാഹിബും സി എച്ച് മുഹമ്മദ് കോയാ സാഹിബും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമറലി തങ്ങളും സയ്യിദ് ഹൈദരലി തങ്ങളും അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയെ എന്തടിസ്ഥാനത്തിലാണ് മുസ്ലിംലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ അംഗീകരിച്ചത് എന്ന കാര്യം അത്യന്തം ആശ്ചര്യം ഉളവാക്കുന്നു. മേൽനേതാക്കളൊന്നും അവർ ജീവിച്ചിരുന്ന കാലത്ത് ജമാഅത്തെ ഇസ്ലാമിയുടെ ഏതെങ്കിലും സമ്മേളനങ്ങളിലോ അവരുടെ ഏതെങ്കിലും സ്ഥാപന വാർഷികങ്ങളിലോ പങ്കെടുത്തിട്ടില്ലെന്നും ജമാഅത്തെ ഇസ്ലാമിയുടെ ആത്യന്തികമായ ഉദ്ദേശം മതരാഷ്ട്ര സ്ഥാപനമാണെന്നും ജലീൽ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. മുസ്ലിംലീഗും ജമാഅത്തെയും രണ്ട് ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നു', എന്നും ജലീലിന്റെ കുറ്റപ്പെടുത്തലുണ്ട്.
കെ ടി ജലീലിൻ്റെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും!
ഖാഇദെ മില്ലത്തും ബാഫഖി തങ്ങളും പാണക്കാട് പൂക്കോയ തങ്ങളും സീതിസാഹിബും സി.എച്ച് മുഹമ്മദ് കോയാ സാഹിബും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമറലി തങ്ങളും സയ്യിദ് ഹൈദരലി തങ്ങളും അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയെ എന്തടിസ്ഥാനത്തിലാണ് മുസ്ലിംലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ അംഗീകരിച്ചത് എന്ന കാര്യം അത്യന്തം ആശ്ചര്യം ഉളവാക്കുന്നു. ഇവരെല്ലാം ജീവിച്ചിരുന്നപ്പോൾ ജമാഅത്തെ ഇസ്ലാമിയും അവരുടെ സമുന്നത നേതാക്കളും ഇന്ത്യയിൽ ഉണ്ടായിരുന്നു. മുസ്ലിം ലീഗിനെ ജമാഅത്തോ, ജമാഅത്തെ ഇസ്ലാമിയെ മുസ്ലീംലീഗോ അംഗീകരിച്ചിട്ടില്ല. രണ്ടും രണ്ട് ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നു എന്ന ബോദ്ധ്യമാണ് അതിൻ്റെ രാസത്വരകമായി പ്രവർത്തിച്ചത്. മേൽനേതാക്കളൊന്നും അവർ ജീവിച്ചിരുന്ന കാലത്ത് ജമാഅത്തെ ഇസ്ലാമിയുടെ ഏതെങ്കിലും സമ്മേളനങ്ങളിലോ അവരുടെ ഏതെങ്കിലും സ്ഥാപന വാർഷികങ്ങളിലോ പങ്കെടുത്തിട്ടില്ല. പാണക്കാട് ശിഹാബ് തങ്ങൾ ലീഗദ്ധ്യക്ഷനായ സമയത്താണ് "മാധ്യമം" പത്രം തുടങ്ങിയത്. കൊട്ടിഘോഷിക്കപ്പെട്ട 'മാധ്യമ'ത്തിൻ്റെ ഉൽഘാടന ചടങ്ങിൽ എന്തേ ശിഹാബ് തങ്ങൾ പങ്കെടുക്കാതിരുന്നത്? ഹൈദരലി തങ്ങൾ ഉള്ള ഘട്ടത്തിലല്ലേ "മീഡിയവൺ" സംപ്രേക്ഷണം തുടങ്ങിയത്? അതിൻ്റെ സമാരംഭ ചടങ്ങിൽ നിന്നെന്തേ ഹൈദരലി തങ്ങൾ വിട്ടുനിന്നു? ലീഗിൻ്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വഴികൾ രണ്ടാണെന്ന ബോദ്ധ്യം ലീഗിൻ്റെ എല്ലാ മുൻകാല നേതാക്കൾക്കും ഉണ്ടായിരുന്നു.
ജമാഅത്തെ ഇസ്ലാമിയുടെ ആത്യന്തികമായ ഉദ്ദേശം മതരാഷ്ട്ര സ്ഥാപനമാണ്. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിൻ്റെ ലക്ഷ്യം ഇന്ത്യയിലെ മുസ്ലിങ്ങൾ ഉൾപ്പെടുയുള്ള ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ അഭിമാനകരമായ അസ്തിത്വം ഉറപ്പുവരുത്തലാണ്. ജമാഅത്തെ ഇസ്ലാമിയെ നയിക്കുന്നത് മൗലാനാ മുദൂദിയുടെ ആദർശങ്ങളാണ്. മുസ്ലിംലീഗിനെ മുന്നോട്ടു നടത്തുന്നത് ജനാധിപത്യ-മതേതര മൂല്യങ്ങളിലൂന്നിയ ഇന്ത്യൻ ഭരണഘടനയാണ്. ജമാഅത്തെ ഇസ്ലാമിയുടെ 'അകം', ഖുർആൻ പോലും പറയാത്ത "മതപരിത്യാഗിയെ അഥവാ 'മുർത്തദ്ദി'നെ വധിക്കണം", "മതാധിഷ്ഠിത രാജ്യത്ത് ന്യൂനപക്ഷങ്ങൾ രണ്ടാംകിട പൗരൻമാരായി ജീവിക്കണം", "ജനങ്ങൾക്കിടയിൽ ഭരണകാര്യങ്ങളിൽ ഉൾപ്പടെ ഒരു അഭിപ്രായ വ്യത്യാസമുണ്ടായാൽ ദൈവത്തിൻ്റെ നിയമങ്ങളിലേക്ക് മടങ്ങണം" തുടങ്ങിയ തീവ്ര ചിന്തകളാൽ നിറഞ്ഞതാണ്. മുസ്ലിംലീഗിൻ്റെ ഉള്ള് വ്യത്യസ്ത മതവിഭാഗങ്ങൾ തുല്യരായും സൗഹാർദ്ദത്തോടെയും ഇന്ത്യൻ ഭരണഘടനക്ക് അനുസൃതമായും ജീവിക്കണം എന്ന വികാരത്താൽ നിർഭരമാണ്. ജമാഅത്തെ ഇസ്ലാമി മുജാഹിദ്, സുന്നി സംഘടനകളുടെ ആശയങ്ങളെയും പ്രവർത്തനങ്ങളെയും ശക്തമായി എതിർക്കുന്നു. മുസ്ലിംലീഗ്, തീവ്ര സങ്കൽപങ്ങൾ വെച്ച് പുലർത്താത്ത എല്ലാ മുസ്ലിം സംഘടനകളെയും ഉൾകൊള്ളുന്നു. വിഭിന്നതകൾ ഏറെ ഇനിയൂം ചൂണ്ടിക്കാനുണ്ട്. അത് വിശദമായി പിന്നീട് ചർച്ച ചെയ്യാം.
മേൽ വിവരിച്ച അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കെ എങ്ങിനെയാണ് മുസ്ലിംലീഗിന് ജമാഅത്തെ ഇസ്ലാമിയെ അംഗീകരിക്കാനാവുക? ലീഗിൻ്റെ ഇപ്പോഴത്തെ പ്രസിഡണ്ട് ബഹുമാന്യനായ സാദിഖലി തങ്ങൾ മാതൃഭൂമി ചാനലിന് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞത് വീണ്ടുവിചാരമില്ലാതെയാണോ? ജമാഅത്തെ ഇസ്ലാമി ഇന്ന് കേവലം ഒരു മതസംഘടനയല്ല. കാലങ്ങളായി അവർ മനസ്സിൽ താലോലിക്കുന്ന "മതരാഷ്ട്രം" സ്ഥാപിക്കാൻ ഒരു രാഷ്ട്രീയ പാർട്ടി കൂടി ഉണ്ടാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ സ്വന്തം വീക്ഷണങ്ങൾ പ്രയോഗത്തിൽ കൊണ്ടുവരാൻ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നൽകിയ ഏക മതസംഘടനയാണ് ജമാഅത്തെ ഇസ്ലാമി. സാദിഖലി തങ്ങൾക്ക് സംശയമുണ്ടെങ്കിൽ ലീഗ് രാഷ്ട്രീയത്തിൻ്റെ മൺമമറഞ്ഞ എം.ഐ തങ്ങളുടെ പുസ്തകങ്ങളും ലേഖനങ്ങളും വായിക്കുക. ചന്ദ്രിക മുൻ എഡിറ്ററും നിലവിലെ ലീഗ് സംസ്ഥാന ഭാരവാഹിയുമായ സി.പി. സൈതലവിയുടെ പുസ്തകത്തിലൂടെ കണ്ണോടിക്കുക."മാപ്പിളനാട്" എന്ന പ്രസിദ്ധീകരണത്തിൻ്റെ പഴയ താളുകൾ മറിച്ചു നോക്കുക.
ജമാഅത്തെ ഇസ്ലാമിയും മൗദൂദിയുമാണ് ഇന്ത്യൻ മുസ്ലിങ്ങളിൽ തീവ്രവാദത്തിൻ്റെ വിത്തുപാകിയത് എന്ന് പ്രസംഗിച്ചതും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയതും സാദിഖലി തങ്ങൾ പ്രസിഡണ്ടായ കമ്മിറ്റിയിലെ സെക്രട്ടറിമാരിൽ ഒരാളായ കെ.എം ഷാജിയാണ്. മുസ്ലിം ബ്രദർഹുഡിൻ്റെ ഇന്ത്യൻ രൂപമാണ് ജമാഅത്തെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമിയേയും എസ്.ഡി.പി.ഐയേയും ശക്തമായി വിമർശിച്ച് രംഗത്തു വന്ന ലീഗ് നേതൃനിരയിലെ പ്രമുഖൻ സി.എച്ചിൻ്റെ മകൻ ഡോ: എം.കെ മുനീറാണ്. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര വാദത്തെ തെളിവുകളുദ്ധരിച്ച് എതിർത്തിട്ടുള്ള സി.ടി അബ്ദുറഹീം സാഹിബിൻ്റെ നിലപാടുകൾ അടങ്ങുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത് ഡോ: മുനീർ എം.ഡിയായ 'ഒലീവ്' പബ്ലിക്കേഷനാണ്. ബഹുമാന്യനായ ഹൈദരലി തങ്ങൾ മനോരമ ചാനലിലെ ജോണി ലൂക്കോസിനു നൽകിയ അഭിമുഖത്തിൽ ജമാഅത്തെ ഇസ്ലാമിയെ തീവ്രവാദ സംഘടനകളിലാണ് എണ്ണിയത്. ഇതിലൊക്കെ പുതിയ സാഹചര്യത്തിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ ആദരണീയനായ സാദിഖലി തങ്ങൾ അതു വ്യക്തമാക്കിയാൽ നന്നാകും. നാളെ എസ്.ഡി.പി.ഐയ്യേയും കൂടെക്കൂട്ടാനുള്ള തന്ത്രത്തിൻ്റെ ഭാഗമാണോ ഒരുകാലത്ത് തള്ളിപ്പറഞ്ഞ ജമാഅത്തെ ഇസ്ലാമിക്ക് ലീഗ് സ്വന്തം തയ്യൽകടയിൽ തുന്നിത്തയ്യാറാക്കി ഇടിയിച്ച് കൊടുത്തിരിക്കുന്ന പുതിയ പച്ചക്കുപ്പായം?
ലീഗ് നേതൃത്വം പറഞ്ഞിടത്ത് ലീഗണികളെ കിട്ടാത്ത അവസ്ഥ ഉണ്ടാക്കലാണ് ജമാഅത്തെ ഇസ്ലാമിയുടെ ഉള്ളിലിരിപ്പ്. മാധ്യമം പത്രവും, മീഡിയാ വൺ ചാനലും ഉപയോഗിച്ച് ജമാഅത്തെ ഇസ്ലാമിയുടെ തലച്ചോറുള്ള ലീഗ് പ്രവർത്തകരെയും നേതാക്കളെയും സൃഷ്ടിക്കലാണ് അവരുടെ ഗൂഢപദ്ധതി. ഒട്ടകത്തിന് കാല് കുത്താൻ സ്ഥലം കൊടുത്ത നിഷ്കളങ്കനായ ഗ്രാമീണന് ഉണ്ടായ "ദുർഗതി" സാദിഖലി തങ്ങൾ മറക്കരുത്. ജനകീയ അടിത്തറയുടെ കാര്യത്തിൽ ഊതിവീർപ്പിച്ച ബലൂൺ മാത്രമാണ് ജമാഅത്തെ ഇസ്ലാമി. യു.ഡി.എഫിൽ ഒരു ബർത്ത് കിട്ടാൻ സ്വന്തം സ്ഥാപകനായ മൗലാനാ മൗദൂദിയെ തള്ളിപ്പറഞ്ഞ ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലിംലീഗിനെ പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിക്കാൻ ഒരു നിമിഷം പോലും വേണ്ടി വരില്ല."കയ്യിലുള്ളതിനെ" വിട്ട് പറക്കുന്നതിനെ പിടിക്കാൻ നോക്കുന്ന അതിമോഹിയുടെ ദുരന്തമാണ് ലീഗിനെ കാത്തിരിക്കുന്നത്.''
Content Highlights: KT Jaleel Criticizing Panakkad Sadiqali Shihab