കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് കുരുക്ക് മുറുകാൻ സാധ്യത. ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണനയിലാണെന്ന് സെൻട്രൽ എസിപി സി ജയകുമാർ പറഞ്ഞു. ബോബിക്കെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം കയ്യിലുണ്ട് എന്നും മൊബൈൽ ഫോൺ അടക്കം കോടതിയിൽ ഹാജരാക്കുമെന്നും എസിപി പറഞ്ഞു. അന്വേഷണവുമായി ബോബി സഹകരിക്കണം എന്ന് നിർബന്ധമില്ല. ഹണി റോസിന്റെ പരാതി സിനിമ പ്രചാരണം ലക്ഷ്യമിട്ടല്ല എന്നും എസിപി കൂട്ടിച്ചേർത്തു.
ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ, തന്നെ അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയും നിയമനടപടിക്ക് ഹണി റോസ് ഒരുങ്ങുകയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് നടി നിയമനടപടിക്കൊരുങ്ങുന്നത്. ദ്വയാർത്ഥ പ്രയോഗത്തോടെയുള്ള വാക്കുകളും, മോശം തമ്പുകളും ഉപയോഗിച്ച, ഇരുപതോളം യൂട്യൂബർമാരുടെ പേരുകൾ നടി പൊലീസിന് ഉടൻ കൈമാറും.
അതേസമയം, ലൈംഗികാധിക്ഷേപ കേസിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വീണ്ടും ആവർത്തിക്കുകയാണ് ബോബി ചെമ്മണ്ണൂർ. പരാതിക്കാരിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും നാല് മാസം മുൻപുണ്ടായ കാര്യങ്ങളിൽ ഇപ്പോൾ പരാതിയുമായി വന്നതിന് പിന്നിൽ മറ്റ് ഉദ്ദേശങ്ങളാണ് എന്നുമാണ് ബൊച്ചെയുടെ മൊഴി.
ബോബി ചെമ്മണ്ണൂരിനെ ഇന്ന് രാവിലെ 11 മണിയോടെയാണ് കോടതിയിൽ ഹാജരാക്കുക. ഇതിന്റെ ഭാഗമായി ഇന്ന് പുലർച്ചെ അഞ്ചേ കാലോടെ വീണ്ടും വൈദ്യപരിശോധന നടത്തി. എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചായിരുന്നു പരിശോധന. ഇന്നലെ രാത്രിയും വൈദ്യ പരിശോധന നടത്തിയിരുന്നു. കൂസലൊട്ടും ഇല്ലാതെ ചിരിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂർ വൈദ്യ പരിശോധനയ്ക്ക് എത്തിയത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, ആരേയും അധിക്ഷേപിച്ചിട്ടില്ല എന്നും ആവർത്തിച്ച ബോബി ചെമ്മണ്ണൂർ കുറ്റബോധത്തിന്റെ ആവശ്യമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.
എറണാകുളം ജനറൽ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം ബോബിയെ തിരിച്ച് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചു. ഇന്നലെ വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ പൊലീസ് രാത്രി ഏഴുമണിയോടെയാണ് സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചത്. സ്ത്രീകൾക്ക് നേരെ അശ്ലീല പരാമർശം നടത്തുക, അവ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുള്ളത്. അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് പൊലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തത്. ബോബി ചെമ്മണ്ണൂർ ഒളിവിൽ പോകുന്നത് മുൻകൂട്ടി കണ്ടുകൊണ്ട് കൂടിയായിരുന്നു ഈ നീക്കം. റിസോർട്ടിൽ നിന്ന് ബോബി ചെമ്മണ്ണൂർ പുറത്തുപോകാൻ തയ്യാറെടുക്കുമ്പോൾ പൊലീസ് കാർ വളഞ്ഞ് പിടികൂടുകയായിരുന്നു. എറണാകുളം സെൻട്രൽ പൊലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്‌ക്വാഡും ചേർന്ന് നടത്തിയ നീക്കം ലോക്കൽ പൊലീസിനെപ്പോലും അറിയിച്ചിരുന്നില്ല.
Content Highlights: More sections likely to be imposed against Boche