തിരുവനന്തപുരം: പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് എംവി ഗോവിന്ദൻ ഫേയ്സ്ബുക്കിൽ കുറിച്ചു. സംഗീതാരാധകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.
പ്രണയവും വിരഹവുമെല്ലാം ഭാവപൂർണമായ ശബ്ദത്താൽ അദ്ദേഹം അനശ്വരമാക്കി. സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ അർഹതയ്ക്കുള്ള അംഗീകാരമായി പലകുറി അദ്ദേഹത്തെ തേടിയെത്തി. അനുരാഗ ഗാനം പോലെയും മഞ്ഞലയിൽ മുങ്ങി തോർത്തിയും അദ്ദേഹത്തിന്റെ പാട്ടുകൾ ഇനിയും തലമുറകൾ ഏറ്റുപാടും. മാഞ്ഞുപോകാത്തൊരു പാട്ടോർമയായി ഭാവഗായകൻ എക്കാലവും സംഗീതാരാധകരുടെ മനസിൽ നിറയും. അദ്ദേഹത്തിന്റെ ഓർമകൾക്കും ഭാവസാന്ദ്രമായ പാട്ടുകൾക്കും മരണമില്ല. പി ജയചന്ദ്രന്റെ നിര്യാണത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സംഗീതാസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എംവി ഗോവിന്ദൻ കുറിച്ചു.
ഇന്ന് വൈകിട്ടോടെയാണ് പി ജയചന്ദ്രന്റെ മരണം. പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചു. 7.45 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വര്‍മ്മ കൊച്ചനിയന് തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം. 1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന് തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്കാരം നേടുകയും ചെയ്തിരുന്നു.
Content Highlights: MV Govindan Response to P Jayachandran's Death