കൊച്ചി: സിബിഐയും സർക്കാരും പ്രതികളും എല്ലാവരും ഒറ്റക്കെട്ടായി നിന്ന് തങ്ങളെ പ്രതിയാക്കാൻ ശ്രമിക്കുന്നുവെന്ന് വാളയാർ പെൺകുട്ടികളുടെ മാതാവ്. കേസിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും തങ്ങൾ പ്രതികരിക്കില്ലായെന്ന് കരുതിയാണ് പ്രതിയാക്കാൻ ശ്രമിക്കുന്നതെന്നും മാതാവ് പറഞ്ഞു.
സമരവുമായി മുന്നോട്ട് പോകുന്നു എന്ന് കണ്ടെത്തിയപ്പോഴാണ് തങ്ങളെ പ്രതിയാക്കിയത്. സിബിഐക്ക് മുൻപെ തങ്ങൾ പ്രതിയിലെത്തുമോ എന്ന ഭയമാണ് ഇത്തരത്തിലൊരു നീക്കത്തിന് പിന്നിൽ. സർക്കാറും സിബിഐയും പ്രതികളും ഒത്തുകളിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പീഡനത്തെ പറ്റി കൃത്യമായി പറയുന്നുണ്ട്, പക്ഷെ പ്രതിയെ കണ്ടെത്താൻ പോലും സിബിഐ ശ്രമിക്കുന്നില്ലായെന്നും വാളയാർ പെൺകുട്ടികളുടെ മാതാവ് പറഞ്ഞു.
'സർക്കാരിനോട് സംസാരിച്ചപ്പോൾ ഞങ്ങൾ ആവശ്യപ്പെട്ട വക്കീലിനെ തരാമെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ ഞങ്ങൾ ആവശ്യപ്പെട്ട രാജേഷ് മേനോനെ വക്കീലായി നൽകിയില്ല. ടിപി കേസിലൊക്കെ അവർ ആവശ്യപ്പെട്ട വക്കീലിനെയല്ലെ നൽകിയത്. കേസ് തെളിയുമെന്ന് ഭയന്നിട്ടാണ് രാജേഷ് മേനോനെ വക്കീലായി ഞങ്ങൾക്ക് തരാതിരുന്നത്. ഇപ്പോഴത്തെ വക്കീലിനെ കണ്ടിട്ട് പോലുമില്ല. ഇനിയെങ്കിലും കേസിൽ അട്ടിമറി നടക്കാതിരിക്കാൻ അദ്ദേഹത്തെ വക്കീലായി നൽകണം. അച്ഛനേയും അമ്മയേയും പ്രതി ചേർക്കുന്നത് വാളയാർ കേസ് തെളിയാൻ പാടില്ലായെന്നുള്ളത് കൊണ്ടാണ്. അതിൽ ഞങ്ങൾക്ക് ഭയമില്ല. പ്രതിയാണെങ്കിൽ തെളിയിക്കട്ടെ.' മാതാവ് റിപ്പോർട്ടറിനോട് പറഞ്ഞു. പതിമൂന്നാം തീയതി മുതൽ കേസിലെ നീതിയ്ക്കായുള്ള സമരം തുടരുമെന്നും ഇവർ കൂട്ടി ചേർത്തു.
വാളയാർ കേസിൽ അച്ഛനെയും അമ്മയെയും പ്രതി ചേർത്ത് സിബിഐ കുറ്റപത്രം പുറത്ത് വന്നിന് പിന്നാലെയായിരുന്നു മാതാവിൻ്റെ പ്രതികരണം. ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. പോക്‌സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില് 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാർച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാർച്ച് ആറിന് പാലക്കാട് എ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
2017 മാർച്ച് 12 ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 2019 ഒക്ടോബർ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേർത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു.
content highlight- 'The CBI, the government and the accused are all accusing us together'; mother of the walayar girls