കൊച്ചി: കൊച്ചി കലൂരിൽ നടന്ന നൃത്തപരിപാടിയ്ക്കിടയിൽ പരിക്ക് പറ്റിയ തൃക്കാകര എംഎൽഎ ഉമാ തോമസിനെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റി. ആരോഗ്യ സ്ഥിതി ഭദ്രമാണെന്നും പരസഹായത്തോടെ നടക്കാനാരംഭിച്ചെന്നും ഏറെ നേരം സംസാരിച്ചുവെന്നും റെനെ മെഡി സിറ്റിയിലെ ഡോക്ടർമാർ അറിയിച്ചു.
അപകടം മൂലം പതിനൊന്ന് ദിവസമാണ് ഉമാ തോമസ് തീവ്രപരിചരണ വിഭാഗത്തിൽ കിടന്നത്. തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയെങ്കിലും അണുബാധയുണ്ടാവാൻ സാധ്യതയുള്ളതിനാൽ നിലവിൽ സന്ദർശകരെ അനുവദിക്കില്ല. ഫിസിയോതെറാപ്പിയുൾപ്പടെയുള്ള ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാവും ഇനി നടക്കുക. ബുധനാഴ്ചയും എംഎൽഎയുടെ ഫേസ്ബുക്കിലൂടെ അഡ്മിൻ ടീമും ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയെപ്പറ്റി പങ്കുവെച്ചിരുന്നു. 'ഏകദേശം അഞ്ച് മിനിറ്റോളം നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ കഴിഞ്ഞ പത്തുദിവസമായി ക്വാറന്റീനില്‍ കഴിയുന്നതിന്റെ നിരാശയാണ് പ്രകടിപ്പിച്ചത്. പിന്നീട് കോര്‍ഡിനേറ്റ് എവരിതിംഗ് എന്ന് പറഞ്ഞു. ഓഫീസ് കൃത്യമായി പ്രവര്‍ത്തിക്കണമെന്നും എംഎല്‍എയുടെ തന്നെ ഇടപെടല്‍ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളില്‍ നമ്മുടെ മറ്റ് നിയമസഭാ സാമാജികരുടെ സഹായം തേടണമെന്നും നിര്‍ദ്ദേശിച്ചു', എന്നാണ് അഡ്മിന്‍ ടീം കുറിച്ചത്.
മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും അഡ്മിന്‍ അറിയിച്ചു.
content highlight- Uma Thomas has been shifted out of ICU in stable condition