കൊച്ചി: പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വ്യവസായി ബോബി ചെമ്മണ്ണൂര്‍ ഒരാവശ്യവുമായി കേരള പൊലീസിനെ സമീപിച്ചിരുന്നു. ജയില്‍ ജീവിതം എങ്ങനെ എന്നറിയാന്‍ ജയിലില്‍ കിടക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ കേരള പൊലീസ് അന്ന് ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം അംഗീകരിച്ചില്ല. വെറുതെ ഒരാളെ ജയിലില്‍ അടയ്ക്കാന്‍ കഴിയില്ല എന്നായിരുന്നു പൊലീസ് ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞത്.
പിന്നീട് 2018 ല്‍ തെലങ്കാനയുടെ ഫീല്‍ ദി ടൂറിസം പദ്ധതി വന്നതോടെ സംഗറെഡി ഹെറിറ്റേജ് ജയിലില്‍ കഴിയാന്‍ ബോബി ചെമ്മണ്ണൂരിന് അവസരം ലഭിച്ചു. 500 രൂപ ഫീസ് അടച്ചാണ് ബോബി ചെമ്മണ്ണൂര്‍ ഫീല്‍ ദി ജയില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായത്. അന്ന് തടവുകാരെ പോലെ വേഷം ധരിച്ച്, അവര്‍ കഴിക്കുന്ന ഭക്ഷണവും കഴിച്ച്, തടവുകാര്‍ക്ക് ജയില്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ള ജോലിയും ചെയ്താണ് ബോബി ചെമ്മണ്ണൂര്‍ ആഗ്രഹം നിറവേറ്റിയത്. ജയില്‍ ജീവിതം അറിയാനുള്ള തന്റെ ആഗ്രഹമാണ് ഇത്തരത്തില്‍ ഒരു സാഹസത്തിന് മുതിര്‍ന്നതെന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്. അന്ന് കാശ് കൊടുത്ത് ജയില്‍ ജീവിതം ആസ്വദിച്ച ബോബി ചെമ്മണ്ണൂര്‍ ഇന്ന് സ്വന്തം തെറ്റിനാല്‍ ജയിലില്‍ എത്തിയിരിക്കുകയാണ്.
നടി ഹണി റോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാധിക്ഷേപ കേസാണ് ബോബി ചെമ്മണ്ണൂരിനെ ഇപ്പോള്‍ ജയിലില്‍ എത്തിച്ചിരിക്കുന്നത്. കേസില്‍ ബോബി ചെമ്മണ്ണൂര്‍ നല്‍കിയ ജാമ്യാപേക്ഷ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് തള്ളിയിരുന്നു. ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോടതി പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെതിരെ നടത്തിയത് ലൈംഗിക ചുവയോടെയുള്ള ദ്വയാര്‍ത്ഥ പ്രയോഗം തന്നെയെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. ഈ ഘട്ടത്തില്‍ തെളിവുകള്‍ പരിശോധിക്കേണ്ടതില്ല. ബോബി ചെമ്മണ്ണൂര്‍ സാക്ഷികളെ സ്വാധീനിക്കാനും ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഉത്തരവ് വന്നതോടെ ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് കാക്കനാട് ജയിലില്‍ എത്തിച്ചു. ജയിലിന് മുന്നില്‍ തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരോട് താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ ആവര്‍ത്തിച്ചു. പതിനാല് ദിവസം ഇനി ബോബി ചെമ്മണ്ണൂര്‍ കാക്കനാട് ജയിലില്‍ ആയിരിക്കും.
Content Highlights- when 15 years back boby chemmannur approached kerala police for feel jail life