തിരുവനന്തപുരം: കലോത്സവത്തിന്റെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ വിമർശിച്ച് പോസ്റ്റ്. കലോത്സവ മേള നടത്തിയ അധ്യാപകരെ മന്ത്രി അവഹേളിച്ചെന്നാണ് പോസ്റ്റിലെ പ്രധാന ആരോപണം. കാര്യം കഴിഞ്ഞപ്പോൾ തങ്ങൾക്ക് കറിവേപ്പിലയുടെ വിലയാണ് നൽകിയതെന്നും കെപിഎസ്ടിഎ ആരോപിക്കുന്നു. സമാപന സമ്മേളന വേദി മന്ത്രിയുടെ സ്റ്റാഫുകൾ കയ്യടക്കിയെന്നും സബ് കമ്മിറ്റി കൺവീനർമാരെ പൊലീസിനെ ഉപയോഗിച്ച് അപമാനിച്ച് ഇറക്കിവിട്ടെന്നും അധ്യാപകരുടെ സംഘടനയുടെ ഗുരുതര ആരോപണം. സദസ്സിന്റെ മുൻനിരയിൽ പോലും സീറ്റ് നൽകാതെ തങ്ങളെ അപമാനിച്ചെന്നും പോസ്റ്റിൽ പറയുന്നുണ്ട്. പ്രതിഷേധം വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് അറിയിക്കുമെന്ന് KPSTA സംസ്ഥാന സമിതി അറിയിച്ചു. മീഡിയ ചുമതലയുള്ള അരുണിൻ്റെ പോസ്റ്റിലാണ് വിമർശനം
കെപിഎസ്ടിഎ വാട്ട്സാപ്പ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,
അറുപത്തിമൂന്നാമത് കേരള സ്കൂൾ കലോത്സവം സമ്പൂർണ്ണ വിജയം… മേള നടത്തിയ അധ്യാപകർക്ക് അവഹേളനം…. KPSTA കഴിഞ്ഞ ഒരാഴ്ച്ച കാലമായി ഊണും ഉറക്കവും മാറ്റിവച്ച് വിവിധ സംഘടനകളിൽ പെട്ട അധ്യാപകർ, തങ്ങളുടെ സംഘടന ഏറ്റെടുത്ത സബ്കമ്മിറ്റികളുടെ ഭാഗമായി നിന്നുകൊണ്ട് ആത്മാർത്ഥമായ പ്രവർത്തനം കാഴ്ചവച്ചതിന്റെ ഫലമായാണ് 15,000 ത്തിൽ പരം വരുന്ന വിദ്യാർത്ഥികൾ പങ്കെടുത്ത കലാമാമാങ്കം ഇത്ര വിജയത്തിലേക്ക് എത്തിയത്. കാര്യം കഴിഞ്ഞപ്പോൾ ഇവർക്ക് കറിവേപ്പിലയുടെ വിലയായി. സമാപന സമ്മേളനവേദി വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫ് കയ്യടക്കുന്ന ഒരു രീതി ചരിത്രത്തിൽ ആദ്യമായാണ് ഇന്ന് കണ്ടത്. സമാപന സമ്മേളനം നടക്കുന്ന വേദിയിൽ എത്തിയ സബ്‌കമ്മിറ്റി കൺവീനർമാരെ പൊലീസിനെ ഉപയോഗിച്ച് അവിടെ നിന്ന് ബലമായി അപമാനിച്ച് ഇറക്കിവിടുന്ന സംസ്‌കാരശൂന്യമായ പ്രവർത്തിക്കും ഇന്നലെ സമാപനവേദി സാക്ഷ്യം വഹിച്ചു.
വേദിയിൽ മാത്രമല്ല സദസ്സിന്റെ മുൻനിരയിൽ പോലും ഇവർക്ക് സീറ്റ് അനുവദിക്കാൻ സംഘാടകർ തയ്യാറായില്ല. സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനകരമായ ഈ പ്രവർത്തി അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും ഏറെ വേദനാജനകമായി. മേള തുടങ്ങി കഴിയുന്നതുവരെ ഏറെ ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറിയിരുന്നവർ മേള സമാപിച്ച ഉടനെ തന്നെ അതിനുവേണ്ടി പ്രയത്നിച്ച, മേളയുടെ വിജയശില്പികളായ അധ്യാപകരെ അപമാനിച്ചതിൽ പ്രതിഷേധിച്ച് കൺവീനർമാർക്ക് ഒരുക്കിയ പ്രശംസാ ഫലകവും ഉപേക്ഷിച്ചാണ് പലരും വേദി വിട്ടത്.
ഇത് വിദ്യാഭ്യാസ വകുപ്പിന് തന്നെ ഏറെ അപമാനം ഉണ്ടാക്കുന്ന ലജ്ജാവഹമായ ഒരു പ്രവർത്തി ആയിപ്പോയി എന്നും, ഇതിലുള്ള ശക്തമായ പ്രതിഷേധം വിദ്യാഭ്യാസമന്ത്രിയെ നേരിട്ട് അറിയിക്കുമെന്നും KPSTA സംസ്ഥാന സമിതി അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. അബ്‌ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ രാജ്‌മോഹൻ, കെ രമേശൻ, ബി സുനിൽകുമാർ, ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു സാദത്ത്, സാജു ജോർജ്, പി എസ് ഗിരീഷ് കുമാർ, പി വി ജ്യോതി, ബി ജയചന്ദ്രൻ പിള്ള, ജി.കെ ഗിരീഷ്, വർഗീസ് ആന്റണി, ജോൺ ബോസ്കോ, പി എസ് മനോജ്, പി വിനോദ് കുമാർ, പി എം നാസർ, എം കെ അരുണ എന്നിവർ സംസാരിച്ചു.
Content Highlights: 'When the matter was over, they were made into curry leaves'. Kpsta against education minister v sivankutty