കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ജാമ്യാപേക്ഷ പരിഗണിക്കുന്ന ദിവസം പൊലീസിനോട് കോടതി റിപ്പോർട്ട് തേടും. തുടർന്ന് സെഷൻസ് കോടതി വാദം കേൾക്കും. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ വേണ്ടി എറണാകുളം സെൻട്രൽ പോലീസ് ഇന്ന് അപേക്ഷ നൽകും. ഭാരതീയ ന്യായ സംഹിത അനുസരിച്ച് വകുപ്പ് 75, ഉപവകുപ്പ് 1ലെ 1, 4 വകുപ്പുകൾ പ്രകാരം ബോബി ചെമ്മണ്ണൂർ ലൈംഗിക താൽപര്യത്തോടെ സ്പർശിച്ചു എന്നും മോശം ഭാഷയിൽ സംസാരിച്ചു എന്നുമാണ് പ്രോസിക്യൂഷൻ കേസ്
അതേസമയം, ബോബിയെ കൊണ്ടുപോയ പൊലീസ് വാഹനം ബോചെ അനുകൂലികൾ തടഞ്ഞ സംഭവത്തിൽ പൊലീസ് കേസ് എടുക്കും. കൃത്യനിർവഹണം തടസപ്പെടുത്താനുള്ള ശ്രമമെന്ന് വിലയിരുത്തിയാണ് നടപടിക്ക് പൊലീസ് ഒരുങ്ങുന്നത്. എറണാകുളം ജില്ലാ ആശുപത്രി പരിസരത്ത് വെച്ചാണ് ബോബി ചെമ്മണ്ണൂർ അനുകൂലികൾ വാഹനം തടഞ്ഞത്. പരിശോധനകൾക്ക് ശേഷം കാക്കനാട്ടെ ജയിലിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂർ അനുകൂലികൾ വാഹനം തടഞ്ഞ് പ്രതിഷേധിച്ചത്. പ്രതിയുമായി പോകുന്ന പൊലീസ് വാഹനം തടഞ്ഞതോടെ ആശുപത്രിക്ക് മുന്നിൽ നാടകീയ രംഗങ്ങളും സംഘര്‍ഷാവസ്ഥയുമുണ്ടായി
താന്‍ മനഃപൂര്‍വ്വം യാതൊരുതരത്തിലുള്ള അധിക്ഷേപവും നടത്തിയിട്ടില്ല എന്ന വാദമായിരുന്നു ഇന്നലെ ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷയില്‍ പ്രധാനമായി ഉന്നയിച്ചത്. താന്‍ പറഞ്ഞത് ആരേയും അപമാനിക്കാനുള്ള കാര്യങ്ങളായിരുന്നില്ലെന്നും അത് ദ്വയാര്‍ഥ പ്രയോഗമാണെന്ന് ആളുകള്‍ വ്യാഖ്യാനിച്ചെടുത്തതാണെന്നും ബോബി ജാമ്യാപേക്ഷയില്‍ വാദിച്ചിരുന്നു. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പൊലീസ് നടപടിയില്‍ നന്ദി അറിയിച്ച് നടി ഹണി റോസ് രംഗത്തെത്തിയിരുന്നു. കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കേരള പൊലീസിനും താനും തന്റെ കുടുംബവും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു എന്നായിരുന്നു ഹണി റോസിന്റെ പ്രതികരണം.
Content Highlights : Bobby Chemmannur to court, Bail will be granted?