ന്യൂഡൽഹി: മുൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെയും യുജിസി കരട് ചട്ടങ്ങളെയും വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ ചുമതല ഗവര്‍ണര്‍ക്കാണെന്നും ഇതിൽ രണ്ട് അഭിപ്രായമില്ലെന്നും അര്‍ലേക്കര്‍ പറഞ്ഞു. യുജിസി ആവർത്തിച്ച് പറയും മുൻപ് കോടതികൾ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. അതിനാൽ വിഷയത്തിൽ തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കിൽ അവ പരിഹരിക്കാമെന്നും കേരള സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ സർക്കാരും ജനങ്ങളും മികച്ചതാണ്. മുൻ ഗവര്‍ണര്‍ അദ്ദേഹത്തിന്‍റെ ചുമതല ഭംഗിയായി നിർവ്വഹിച്ചു എന്നും കേരളഗവർണർ പറഞ്ഞു. സർവകലാശാലകൾ ഭരിക്കേണ്ടത് അക്കാദമിക്ക് നിലവാരം ഉള്ളവരാണെന്നും യുജിസിയുടെ പുതിയ നീക്കം അംഗീകരിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചത്. ഭരണം സ്തംഭിപ്പിക്കാനായിരുന്നു പഴയ ഗവർണറുടെ ശ്രമം. നാടിന് നിരക്കാത്ത രീതിയിലായിരുന്നു ആരിഫ് മുഹമ്മദ്ഖാന്റെ പ്രവർത്തനം. രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു മുൻ ഗവർണറിന്റെ നീക്കങ്ങളെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു
Content high lights : Governor Arlekar's reply to CM Pinarayi Vijayan: 'Higher education responsibility to the Governor'