ബെംഗളൂരു: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ പ്രതിചേര്‍ത്തതിന് പിന്നാലെ താന്‍ ഒളിവില്‍ പോയി എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്ത വ്യാജമെന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ. സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി നിലവില്‍ കര്‍ണാടകയിലാണ് താനുള്ളത്. ഇന്നോ നാളെയോ തിരികെ നാട്ടിലെത്തുമെന്നും ഐസി ബാലകൃഷ്ണന്‍ പറഞ്ഞു.
ജനപ്രതിനിധി എന്ന നിലയ്ക്ക് ഒളിച്ചോടേണ്ട ആളല്ല താനെന്നും ഐസി ബാലകൃഷ്ണന്‍ പറഞ്ഞു. കോടതിയില്‍ വിശ്വാസമുണ്ട്. ഇടതുപക്ഷം കാലങ്ങളായി തന്നെ വേട്ടയാടുകയാണ്. നിലവിലെ ആരോപണങ്ങള്‍ അതിന്റെ ഭാഗമാണ്.
തന്റെ ജനകീയത സിപിഐഎമ്മിന് സഹിക്കാന്‍ കഴിയാത്തതിനാല്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്.
ഭരണ സ്വാധീനം ഉപയോഗിച്ച് കുടുക്കാന്‍ സിപിഐഎം ശ്രമിക്കുകയാണെന്നും ഐസി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഐ സി ബാലകൃഷ്ണനെ പ്രതി ചേര്‍ത്തിരുന്നു. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. ഐസി ബാലകൃഷ്ണനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും പൊലീസ് ചുമത്തിയിരുന്നു. ഐ സി ബാലകൃഷ്ണന് പുറമേ എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.
സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസിൽ ഐസി ബാലകൃഷ്ണൻ അടക്കമുള്ളവരുടെ അറസ്റ്റ് ഈ മാസം പതിനഞ്ച് വരെ വയനാട് ജില്ലാ കോടതി തടഞ്ഞിട്ടുണ്ട്.
Content Highlights- i am not in secret place says ic balakrishnan mla