കോഴിക്കോട്: ദുരൂഹസാഹചര്യത്തിൽ കാണാതായ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. എലത്തൂർ സ്വദേശിയായ രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെയാണ് കാണാതായത്.
മാമി തിരോധാനവുമായി ബന്ധപ്പെട്ട് രണ്ട് തവണ രജിത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. തുടർന്ന് ഇന്നലെ മുതൽ കാണാതായി എന്നാണ് പരാതി. നഗരത്തിലെ ഒരു ഹോട്ടലിൽ ഇയാൾ മുറിയെടുത്തിരുന്നുന്നതായി പൊലീസ് കണ്ടെത്തി. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 21നാണ് റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ മുഹമ്മദ് ആട്ടൂരിനെ കാണായത്. അരയിടത്തുപാലത്തെ ഓഫീസിൽ നിന്നും വീട്ടിലേക്കിറങ്ങിയ മാമിയെ കാണാതാവുകയായിരുന്നു. തലക്കുളത്താണ് മാമിയുടെ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിച്ചിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. നടക്കാവ് പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളും ബാങ്ക് ഇടപാടുകളും മൊബൈൽ ടവർ ലൊക്കേഷനും ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടത്തിയിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
Content Highlights: Mami driver and wife absconding