'കളക്ടർ ബ്രോ' എൻ പ്രശാന്തിന്റെ സസ്‌പെൻഷൻ നീട്ടി; നാല് മാസം കൂടി പുറത്ത്

എൻ പ്രശാന്ത് ഐഎസിന്റെ സസ്‌പെൻഷൻ നീട്ടി

dot image

തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎസിന്റെ സസ്‌പെൻഷൻ നീട്ടി. നാല് മാസത്തേയ്ക്കാണ് സസ്‌പെൻഷൻ നീട്ടിയത്. അഡീഷണല്‍ സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെയും ഫേസ്ബുക്കില്‍ അപമാനിച്ചു എന്നതിന്റെ പേരിലായിരുന്നു പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്.

ചീഫ് സെക്രട്ടറിയോടുളള പോരിന്റെ പേരിൽ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലഘട്ടം ഏറെ വിവാദമായിരുന്നു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ നൽകിയ ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കുന്നതിന് പകരം ചീഫ് സെക്രട്ടറിയോട് അങ്ങോട്ട് വിശദീകരണം തേടിയത് ഏറെ വിവാദമായിരുന്നു. സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാട്ടിയവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് നൽകിയതും വിവാദമായിരുന്നു.

അതേസമയം മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന് ക്ലീന്‍ ചിറ്റ് ലഭിച്ചു. ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുത്ത ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

ഐഎഎസ് തലപ്പത്ത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായതാണ് മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്. ഹിന്ദുക്കളായ ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതായിരുന്നു സംഭവം. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസായിരുന്നു ഗ്രൂപ്പ് അഡ്മിന്‍. വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് തന്റെ അറിവോടെയല്ലെന്നും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നും ചൂണ്ടിക്കാട്ടി ഗോപാലകൃഷ്ണന്‍ സൈബര്‍ പൊലീസില്‍ അടക്കം പരാതി നല്‍കി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗോപാലകൃഷ്ണന്‍ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതായി കണ്ടെത്തി. ഇതിന് പുറമേ മെറ്റ നല്‍കിയ റിപ്പോര്‍ട്ടില്‍ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല എന്നും വ്യക്തമായി. സംഭവത്തില്‍ അസ്വാഭാവികമായി പലതും സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് ഗോപാലകൃഷ്ണനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Content Highlights: N Prashanth Suspended for another 4 months

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us