പാലക്കാട്: പട്ടാമ്പിയിൽ ജപ്തി ഭയന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. കീഴായൂർ സ്വദേശിനി ജയ ആണ് മരിച്ചത്. 80 ശതമാനം പൊളളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഷൊര്‍ണൂരിലെ സഹകരണ അര്‍ബന്‍ ബാങ്കില്‍ നിന്ന് ജപ്തിക്കായി ഉദ്യോഗസ്ഥര്‍ ജയയുടെ വീട്ടില്‍ എത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജയ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ പട്ടാമ്പി പൊലീസും തഹസില്‍ദാരും സ്ഥലത്തെത്തി ജപ്തി നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
2015-ല്‍ ബാങ്കില്‍ നിന്ന് ജയയും കുടുംബവും രണ്ട് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് ജപ്തി നടപടിയുമായി ബാങ്ക് അധികൃതര്‍ മുന്നോട്ടുപോയത്. കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നതായും നടപടിക്രമങ്ങള്‍ പാലിച്ചാണ് ജപ്തിക്ക് എത്തിയതതെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ജയയുടെ പോസ്റ്റ്മോർട്ടം നടപടികൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തും. സംസ്കാരം നാളെ.
Content Highlights: woman died due to fire attack in palakkad