മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വിമർശനവുമായി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. ക്രിസ്മസ് ആഘോഷങ്ങളിൽ തങ്ങൾ പങ്കെടുത്തതിനാണ് വിമർശനം. ഇതര മതങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്ന് അബ്ദുല്‍ ഹമീദ് ഫൈസി ചൂണ്ടിക്കാട്ടി. ലീഗിൻ്റെ മുൻ നേതാക്കൾ ഇത്തരം കാര്യങ്ങളിൽ മാതൃക കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്തയിലെ ലീഗ് വിരുദ്ധചേരിയുടെ നേതാവാണ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്.
നേരത്തെ ക്രിസ്മസ് ദിനത്തിൽ സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തിയിരുന്നു. ബിഷപ്പ് വർഗീസ് ചക്കാലക്കലിനൊപ്പം സാദിഖലി തങ്ങൾ ക്രിസ്മസ് കേക്കും മുറിച്ചിരുന്നു. ക്രിസ്തീയ സമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം നിലനിർത്തുമെന്ന് സന്ദർശനത്തിന് ശേഷം തങ്ങൾ വ്യക്തമാക്കിയിരുന്നു. ക്രിസ്മസ് ദിനത്തിൽ ആശംസകൾ അറിയിക്കാനായി തങ്ങൾ എത്തിയതിൽ വലിയ സന്തോഷമുണ്ടെന്നായിരുന്നു സന്ദർശനത്തോടുള്ള കോഴിക്കോട് രൂപത ബിഷപ്പ് വർഗീസ് ചക്കാലക്കലിൻ്റെ പ്രതികരണം. മുസ്‌ലിം ലീഗ് നേതാക്കളായ ഡോ. എം കെ മുനീർ എംഎൽഎ, ഉമർ പാണ്ടികശാല, പി ഇസ്മായിൽ, ടിപിഎം ജിഷാൻ, എൻ സി അബൂബക്കർ എന്നിവരും സാദിഖലി തങ്ങൾക്കൊപ്പം കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തിയിരുന്നു.
കെസിബിസി പ്രസിഡന്റ് കർദിനാൾ ക്ലീമിസ് ബാവാ ഇന്നലെ പാണക്കാട് സന്ദർശനം നടത്തിയിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു കെസിബിസി പ്രസിഡൻ്റ് പാണക്കാടെത്തിയത്. മുസ്‌ലിം ലീഗ് നേതാക്കൾ ക്ലീമിസ് ബാവായെ സ്വീകരിച്ചു. മുസ്‌ലിം ലീഗ് നേതാക്കളായ സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കെസിബിസി പ്രസിഡൻ്റ് ചർച്ച നടത്തി. സമകാലിക രാഷ്ട്രീയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. യുഡിഎഫിലെ വിഷയങ്ങളും ഇവർ ചർച്ച ചെയ്തു. സാമുദായിക നേതൃത്വങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ നീക്കം നടത്തുന്നതിനിടെയിലാണ് ക്ലീമിസ് ബാവാ പാണക്കാട് എത്തിയിരിക്കുന്നത്. രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായുള്ള നിർണ്ണായക കൂടിക്കാഴ്ചയെന്നാണ് വിവരം.
നേരത്തെ മുനമ്പം വിഷയത്തിൽ തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി മുസ്‌ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. തലശേരി ബിഷപ്പ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഇന്നത്തെ സാഹചര്യത്തിൽ തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ടെന്നും ഇത്തരം കൂടിക്കാഴ്ചകൾ ആവശ്യമാണെന്നുമായിരുന്നു സാദിഖലി ശിഹാബ് തങ്ങൾ അന്ന് പ്രതികരിച്ചത്. മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്നായിരുന്നു മാർ ജോസഫ് പാംപ്ലാനി പറഞ്ഞത്.
Content Highlights: Abdul Hameed Faizy Ambalakkadavu criticised Sadiqali Thangal