തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടി കൊണ്ടിരിക്കുന്ന സ്വകാര്യ ബസിന് തീപിടിച്ചു. പൂവാർ മണ്ണക്കല്ലിലാണ് ഓടി കൊണ്ടിരുന്ന ബസിന് തീപിടിച്ചത്. ബെംഗ്ളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ബസിന്‍റെ മുൻ ഭാഗത്ത് നിന്ന് പുക ഉയർന്നതിന് പിന്നാലെയാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു സംഭവം.
തിരുവനന്തപുരം പൂവാർ മണ്ണക്കല്ലിൽ എത്തിയപ്പോഴാണ് വണ്ടിയുടെ മുൻ ഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്. ഇതേ തുടർന്ന് യാത്രക്കാരും ജീവനക്കാരും ബസിന് പുറത്തേക്കിറങ്ങി ഓടി. തൊട്ടുപിന്നാലെ ബസിൽ തീ പടർന്ന് പിടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ബസ് ഭാഗീകമായി കത്തി.
യാത്രികരുടെ ലാപ്ടോപ്പ് ലഗേജ് ഉൾപ്പടെ ലക്ഷ കണക്കിന് വില വരുന്ന സാമഗ്രകികൾ കത്തിയമർന്നു. ബസ്സ് ഓവർ ഹീറ്റായതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപടരുന്നത് കണ്ട് യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
Content highlight- Banglore Trivandrum Bus caught fire due to over heat