വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിന് പിന്നാലെ ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെതിരെയും ഇ ഡി അന്വേഷണം. അപ്പച്ചൻ്റെ സാമ്പത്തിക ഇടപാടുകൾ ഇ ഡി പരിശോധിക്കും. ഉടൻ കേസെടുത്തേക്കുമെന്നും സൂചനയുണ്ട്.
നേരത്തെ, ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ കേസെടുക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. ഇ ഡിയുടെ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുക. എംഎൽഎയുടെ സാമ്പത്തിക ഇടപാടുകൾ, നിയമനത്തിന് കോഴയായി വാങ്ങിയ പണത്തിൻ്റെ വിനിമയം ഉൾപ്പെടെയാകും അന്വേഷണത്തിന്റെ പരിധിയിൽ വരിക. സാമ്പത്തിക ക്രമക്കേടുകളിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇ ഡി യുടെ നീക്കം.
വയനാട് സിസിസി ട്രഷറർ എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഐ സി ബാലകൃഷ്ണനെ പ്രതി ചേര്‍ത്തിരുന്നു. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. ഐസി ബാലകൃഷ്ണനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഐ സി ബാലകൃഷ്ണന് പുറമേ എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.
സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസിൽ ഐസി ബാലകൃഷ്ണൻ അടക്കമുള്ളവരുടെ അറസ്റ്റ് ഈ മാസം പതിനഞ്ച് വരെ വയനാട് ജില്ലാ കോടതി തടഞ്ഞിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയി എന്ന ആരോപണം തള്ളി ഐ സി ബാലകൃഷ്ണൻ ഇന്നലെ രംഗത്തെത്തിയിരുന്നു. പ്രചരിക്കുന്നത് വ്യാജവാർത്തെയെന്ന് പറഞ്ഞ ഐ സി ബാലകൃഷ്ണൻ, സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കർണാടകയിൽ എത്തിയതാണെന്നും പറഞ്ഞിരുന്നു.
Content Highlights: ED to investigate against ND Appachan