കോഴിക്കോട്: ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിലെത്തി സാദിഖലി തങ്ങൾ കേക്ക് മുറിച്ചതിനെ ആയുധമാക്കി മറ്റൊരു യുദ്ധമുഖം തുറന്ന് സമസ്തയിലെ ലീഗ് വിരുദ്ധരും ലീഗ് അനുകൂലികളും. സൗഹാർദത്തിന് കേക്ക് മുറിയ്ക്കാം എന്നാണ് സമസ്തയിലെ മുസ്‌ലിം ലീഗ് അനുകൂല വിഭാഗത്തിൻ്റെ നേതാവായ അബ്ദു സമദ് പൂക്കോട്ടൂരിൻ്റെ നിലപാട്. നേരത്തെ ക്രിസ്മസ് ആഘോഷ ചടങ്ങിൽ പങ്കെടുത്ത് സാദിഖലി തങ്ങൾ കേക്ക് മുറിച്ചതിനെ സമസ്തയിലെ മുസ്‌ലിം ലീഗ് വിരുദ്ധനേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് വിമർശിച്ചിരുന്നു. വിശ്വാസമില്ലെങ്കിലും ഇതരമതാചാരങ്ങളിൽ പങ്കെടുക്കരുതെന്നായിരുന്നു അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ചൂണ്ടിക്കാണിച്ചിരുന്നത്. ഇതര മതങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്നും അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞിരുന്നു. ലീഗിൻ്റെ മുൻ നേതാക്കൾ ഇത്തരം കാര്യങ്ങളിൽ മാതൃക കാണിച്ചിട്ടുണ്ടെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞിരുന്നു.
സമസ്തയിൽ തർക്കപരിഹാരത്തിന് ഉപസമിതി രൂപീകരിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സമസ്തയിലെ ലീഗ് അനുകൂലികളും വിരുദ്ധരും പുതിയൊരു വിഷയത്തിൽ വീണ്ടും ഭിന്നാഭിപ്രായങ്ങളുമായി രംഗത്ത് വന്നിരിരിക്കുന്നത്. ഇത്തവണയും വിവാദത്തിൻ്റെ ഒരറ്റത്ത് സാദിഖലി തങ്ങൾ ആണെന്നതും ശ്രദ്ധേയമാണ്. നേരത്തെ ഉമർഫൈസി മുക്കം മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ച് പ്രസംഗിച്ചെന്ന വിഷയം സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിന്റെ എതിർപ്പിന് കാരണമായിരുന്നു. ഈ വിഷയം ചർച്ച ചെയ്യാൻ ആദ്യം ചേർന്ന സമസ്ത യോഗം അഭിപ്രായഭിന്നത മൂലം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഈ യോഗത്തിൽ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയതും വാർത്തയായിരുന്നു. സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പ്രസംഗത്തെക്കുറിച്ചുള്ള ചർച്ച നടക്കുന്നതിന് മുന്നോടിയായി ഉമർ ഫൈസി മുക്കത്തിനോട് യോഗത്തിൽ നിന്ന് പുറത്തു നിൽക്കാൻ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉമർ ഫൈസി മുക്കം ഇതിന് വഴങ്ങാതിരിക്കുകയും ഇതിൻ്റെ പേരിൽ ബഹാവുദ്ധീൻ നദ്‌വിയുമായി തർക്കമുണ്ടാകുകയുമായിരുന്നു. പിന്നാലെ ഉമർഫൈസി നടത്തിയ 'കള്ളന്മാർ' പ്രയോഗമാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോകുന്നതിന് വഴിതെളിച്ചത്.
ഇതിന് ശേഷം നടന്ന മുശവറ യോഗത്തിൽ സമസ്ത സെക്രട്ടറിയും വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയുമായ എം ടി അബ്ദുള്ള മുസ്‌ല്യാരുടെ നേതൃത്വത്തിൽ സമസ്തയിലെ തർക്ക പരിഹാരത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചു. തർക്ക വിഷയങ്ങൾ മുശാവറ പരിഗണിക്കാതെ ഉപസമിതിക്ക് വിടുകയായിരുന്നു. ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർനടപടികൾ സ്വീകരിക്കുക.
ക്രിസ്മസ് ദിനത്തിൽ സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തിയിരുന്നു. ബിഷപ്പ് വർഗീസ് ചക്കാലക്കലിനൊപ്പം സാദിഖലി തങ്ങൾ ക്രിസ്മസ് കേക്കും മുറിച്ചിരുന്നു. ഈ വിഷയമാണ് ഇപ്പോൾ സമസ്തയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കത്തിന് വഴിതെളിച്ചിരിക്കുന്നത്. ക്രിസ്തീയ സമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം നിലനിർത്തുമെന്ന് നേരത്തെ സന്ദർശനത്തിന് ശേഷം തങ്ങൾ വ്യക്തമാക്കിയിരുന്നു. ക്രിസ്മസ് ദിനത്തിൽ ആശംസകൾ അറിയിക്കാനായി തങ്ങൾ എത്തിയതിൽ വലിയ സന്തോഷമുണ്ടെന്നായിരുന്നു സന്ദർശനത്തോടുള്ള കോഴിക്കോട് രൂപത ബിഷപ്പ് വർഗീസ് ചക്കാലക്കലിൻ്റെ പ്രതികരണം. മുസ്‌ലിം ലീഗ് നേതാക്കളായ ഡോ. എം കെ മുനീർ എംഎൽഎ, ഉമർ പാണ്ടികശാല, പി ഇസ്മായിൽ, ടിപിഎം ജിഷാൻ, എൻ സി അബൂബക്കർ എന്നിവരും സാദിഖലി തങ്ങൾക്കൊപ്പം കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തിയിരുന്നു.
കെസിബിസി പ്രസിഡന്റ് കർദിനാൾ ക്ലീമിസ് ബാവാ ഇന്നലെ പാണക്കാട് സന്ദർശനം നടത്തിയിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു കെസിബിസി പ്രസിഡൻ്റ് പാണക്കാടെത്തിയത്. മുസ്‌ലിം ലീഗ് നേതാക്കൾ ക്ലീമിസ് ബാവായെ സ്വീകരിച്ചു. മുസ്‌ലിം ലീഗ് നേതാക്കളായ സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കെസിബിസി പ്രസിഡൻ്റ് ചർച്ച നടത്തി. സമകാലിക രാഷ്ട്രീയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. യുഡിഎഫിലെ വിഷയങ്ങളും ഇവർ ചർച്ച ചെയ്തു. സാമുദായിക നേതൃത്വങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ നീക്കം നടത്തുന്നതിനിടെയിലാണ് ക്ലീമിസ് ബാവാ പാണക്കാട് എത്തിയിരിക്കുന്നത്. രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായുള്ള നിർണ്ണായക കൂടിക്കാഴ്ചയെന്നാണ് വിവരം.
നേരത്തെ മുനമ്പം വിഷയത്തിൽ തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി മുസ്‌ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. തലശേരി ബിഷപ്പ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഇന്നത്തെ സാഹചര്യത്തിൽ തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ടെന്നും ഇത്തരം കൂടിക്കാഴ്ചകൾ ആവശ്യമാണെന്നുമായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. അതേസമയം കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്നായിരുന്നു മാർ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം.