തിരുവനന്തപുരം: സീരിയൽ സെറ്റിലെ ലൈംഗികാതിക്രമത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റ് കോർഡിനേറ്ററായ യുവതി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അസീം സെറ്റിൽ വച്ച് കടന്ന് പിടിച്ചെന്നായിരുന്നു പരാതി. ഫെഫ്ക പുറത്താക്കിയ പ്രൊഡക്ഷൻ കൺട്രോളറെ സീരിയലിൽ തിരിച്ചെടുത്തുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അസീം ഫാസിലിനെ അപൂർവ രാഗം സീരിയലിലാണ് തിരിച്ചെടുത്തത്. പ്രൊഡ്യൂസറായി ആസിഫ് എത്തിയപ്പോഴാണ് അസീമിനെ തിരിച്ചെടുത്തതെന്നും യുവതി വെളിപ്പെടുത്തി.
ഡിസംബർ എട്ടിന് അസീം ജൂനിയർ ആർട്ടിസ്റ്റുകളെ ആവശ്യപ്പെട്ടു. പ്രൊഡ്യൂസർ ഷംനാദ് പുതുശ്ശേരി, മനോജ് എന്നിവർക്ക് പെൺകുട്ടികളെ നൽകണമെന്നായിരുന്നു ആവശ്യം. അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുന്ന കുട്ടികളെ വേണമെന്നായിരുന്നു ആവശ്യം. ആവശ്യം നിരസിച്ചാൽ സീരിയലിൽ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. പെൺകുട്ടികളെ നൽകാത്തതിന് പിന്നാലെ അപൂർവ്വരാഗം സീരിയലിൽ നിന്നും തന്നെ പുറത്താക്കിയെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ.
തിരുവനന്തപുരത്ത് സീരിയൽ സെറ്റിലെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ജൂനിയർ ആർട്ടിസ്റ്റ് കോർഡിനേറ്റർ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ അസീം സെറ്റിൽ വച്ച് കടന്ന് പിടിച്ചെന്നാണ് പരാതി. പരാതിയിൽ തിരുവല്ലം പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് സംഭവമുണ്ടായത്. രാത്രി 12 മണിയോടെ അസീം കടന്ന് പിടിക്കുകയായിരുന്നുവെന്നാണ് പരാതി. അന്വേഷണം ആരംഭിച്ചെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു. ചിത്രാഞ്‌ജലി സ്റ്റുഡിയോയിലെ ഷൂട്ടിംഗ് സെറ്റിലായിരുന്നു ആക്രമണമുണ്ടായത്.
Content Highlights: sexual abuse against women in serial set