കൊച്ചി: കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവ് ലക്ഷ്യമിട്ടുള്ള ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന് കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (കുസാറ്റ്) അതിഥേയത്വം വഹിക്കും. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര തലത്തിലേയ്ക്ക് ഉയർത്താനാണ് കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നത്. ഉന്നതവിദ്യാഭ്യാസ കൗൺസിലുമായി ചേർന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ജനുവരി 14,15 തീയതികളിലാണ് കോൺക്ലേവ്.
ജനുവരി 14ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവാണ് വാർത്താസമ്മേളനത്തിൽ കോൺക്ലേവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചത്. ഗവേഷണ മികവ് വളർത്തൽ, അന്താരാഷ്ട്ര വിദ്യാർഥികളെ ആകർഷിക്കാൻ നവീനമാർഗം ആവിഷ്‌കരിക്കൽ, ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബായി മാറുന്നതിന് സംസ്ഥാനതലത്തിൽ സ്വീകരിക്കേണ്ട നടപടി എന്നിവ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ചർച്ച ചെയ്യും. രണ്ടായിരം പ്രതിനിധികൾ കോൺക്ലേവിൻ്റെ ഭാഗമായി പങ്കെടുക്കും.
വ്യവസായ-വിദ്യാഭ്യാസ സൗഹൃദം ശക്തിപ്പെടുത്തുന്നതിന് വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ച, മികച്ച ഗവേഷണ, സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി തൊഴിൽസാധ്യത മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ പര്യവേക്ഷണം എന്നിവയും കോൺക്ലേവിൻ്റെ ഭാഗമായി നടക്കും. അന്താരാഷ്‌ട്ര, ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മുൻനിര സർവകലാശാലകളിൽ നിന്നടക്കം വിദ്യാഭ്യാസ വിചക്ഷണർ, അധ്യാപകർ, വിദ്യാർഥികൾ, ഗവേഷകർ, വ്യവസായ പ്രതിനിധികൾ തുടങ്ങിയവർ കോൺക്ലേവിൽ പങ്കെടുക്കുമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആ ബിന്ദു അറിയിച്ചു.
Content Highlights: Higher Education Conclave scheduled at Cusat