മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുന്നുവെന്ന് സൂചന. നാളെ രാവിലെ 9.30 ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഈ സമ്മേളനത്തില്‍ നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. നിലവില്‍ അന്‍വര്‍ കൊല്‍ക്കത്തയിലാണ്. ഫേസ്ബുക്കിലൂടെയാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം സംബന്ധിച്ച വിവരം പങ്കുവെച്ചത്.
എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കുന്ന നിർണ്ണായക പ്രഖ്യാപനം ആകും അൻവർ നാളെ നടത്തുകയെന്നാണ് വിവരം. എംഎൽഎ സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീക്കം കൂടി അൻവർ മുന്നില്‍ കാണുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് അന്‍വര്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തത്. പാര്‍ട്ടി അംഗത്വം സ്വീകരിച്ചിട്ടില്ല. മറിച്ച് സംസ്ഥാന കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചത്.
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അന്‍വറിന്റെ യുഡിഎഫ് പ്രവേശന അഭ്യൂഹം ശക്തമായിരുന്നു. അതിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള കെെകോർക്കല്‍.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷയുമായ മമതാ ബാനർജിയുമായി അൻവർ ഓണ്‍ലെെനായി നടത്തിയ കൂടിക്കാഴ്ച ഫലം കണ്ടുവെന്ന് വേണം മനസ്സിലാക്കാൻ. രാജിവെക്കാന്‍ മമത അന്‍വറിനോട് നിര്‍ദേശിച്ചെന്നാണ് വിവരം. നാല് മാസത്തിനുള്ള ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിനും അന്‍വറിന് സാധ്യത തെളിയുന്നുണ്ട്.
Content Highlights: p v anvar May Resign tomorrow press conference in thiruvananthapuram