തിരുവനന്തപുരം: എംഎൽഎ സ്ഥാനം രാജിവെയ്ക്കുമെന്ന സൂചനകൾ ഉറപ്പിച്ച് പി വി അൻവർ. നാളെ രാവിലെ ഒമ്പത് മണിക്ക് സ്പീക്കറെ കാണുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നാളെ രാവിലെ 9.30-ന് തിരുവനന്തപുരത്ത് അൻവർ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഈ സമ്മേളനത്തിൽ നിർണ്ണായക പ്രഖ്യാപനം ഉണ്ടാകുമെന്ന വിവരവും പുറത്തുവന്നിരുന്നു. നിലവിൽ അൻവർ കൊൽക്കത്തയിലാണ്. ഫേസ്ബുക്കിലൂടെത്തന്നെയാണ് അൻവർ വാർത്താസമ്മേളനം സംബന്ധിച്ച വിവരവും പങ്കുവെച്ചത്.
എംഎൽഎ സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീക്കം കൂടി അൻവർ മുന്നിൽ കാണുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് അൻവർ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായി കൈകോർത്തത്. പാർട്ടി അംഗത്വം സ്വീകരിച്ചിട്ടില്ല. മറിച്ച് സംസ്ഥാന കോർഡിനേറ്ററായി പ്രവർത്തിക്കുമെന്നാണ് അറിയിച്ചത്.
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായതിന് പിന്നാലെ അൻവറിന്റെ യുഡിഎഫ് പ്രവേശന അഭ്യൂഹം ശക്തമായിരുന്നു. അതിനിടെയാണ് തൃണമൂൽ കോൺഗ്രസുമായുള്ള കെെകോർക്കൽ.
Content Highlights: P V Anvar will saw Speaker tomorrow