കോഴിക്കോട്: പെട്രോൾ പമ്പ് ഡീലർ-തൊഴിലാളി പാരിതോഷിക തർക്കം പരിഹരിച്ചു. കോഴിക്കോട് കളക്ടറുടെ നിർദ്ദേശം പരിഗണിച്ച് തൽസ്ഥിതി തുടരാൻ തീരുമാനമായി. ഓരോ പമ്പ് ഉടമയും ഇഷ്ടമുള്ള പാരിതോഷികം ടാങ്കർ ലോറി ജീവനക്കാർക്ക് നൽകുമെന്ന് ഡീലേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
അതേസമയം, നാളെ നടത്താനിരിക്കുന്ന സമരത്തിൽ മാറ്റമില്ല. നാളെ രാവിലെ ആറു മുതൽ ഉച്ചയ്ക്ക് 12 വരെ പമ്പുകൾ അടച്ചിട്ട് സമരം നടത്തും. എന്നാൽ സമരത്തിൽ നിന്നും ആറ് താലൂക്കുകളെ ഒഴിവാക്കിയിട്ടുണ്ട്. റാന്നി, കോന്നി, കോഴഞ്ചേരി, അടൂർ, ചെങ്ങന്നൂർ, എരുമേലി, താലൂക്കുകളെയാണ് ഒഴിവാക്കിയത്. സമരത്തിൽ നിന്നും പത്തനംതിട്ട ജില്ലയെ ഒഴിവാക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആവശ്യപ്പെട്ടിരുന്നു. സമരം ശബരിമല തീർത്ഥാടകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
ചർച്ചയ്ക്ക് എത്തിയ പമ്പുടമയെ തൊഴിലാളികൾ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. പമ്പുകളിൽ ഇന്ധനവുമായി എത്തുന്ന ലോറി ഡ്രൈവർമാർക്ക് 'ചായ പൈസ' എന്ന പേരിൽ 300 രൂപ വരെ നൽകാറുണ്ട്. ഈ തുകയിൽ വർദ്ധന വേണമെന്നായിരുന്നു ഡ്രൈവർമാരുടെ ആവശ്യം. ആവശ്യം ഡീലർമാർ അംഗീകരിച്ചില്ല. ഇക്കാര്യം ചർച്ച ചെയ്യാൻ കോഴിക്കോട് എലത്തൂരിൽ ചർച്ച നടന്നു. ഈ യോഗത്തിൽ വച്ച് ഡീലർമാരെ ഡ്രൈവർമാർ കയ്യേറ്റം ചെയ്തെന്നായിരുന്നു ആരോപണം.
Content Highlights: Petrol pump dealer-employee gratuity dispute resolved