കണ്ണൂർ: ഇടതുമുന്നണിയിലെ രണ്ടാമത്തെ പ്രബല കക്ഷി ആർജെഡി ആണെന്ന് അവകാശപ്പെട്ട് കെ പി മോഹനൻ എംഎൽഎ. ആർജെഡി ഇടതുമുന്നണി വിടുന്നുവെന്ന ശക്തമായ അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് കെ പി മോഹനന്റെ പ്രതികരണം.
വോട്ടർമാരുടെ എണ്ണത്തിലും സിപിഐയെക്കാൾ ആർജെഡിയാണ് മുന്നിൽ എന്ന് പറഞ്ഞ കെ പി മോഹനൻ എൽഡിഎഫിൽ രണ്ടാം സ്ഥാനത്തിന് അർഹത ആർജെഡിക്കാണെന്നും അവകാശപ്പെട്ടു. അടുത്ത മന്ത്രിസഭയിൽ ആർജെഡിക്കും മന്ത്രിയുണ്ടാകുമെന്നും പരിഗണിച്ചില്ലെങ്കിൽ മുന്നണിയിൽ ശക്തമായി ഉന്നയിക്കുമെന്നും കെ പി മോഹനൻ പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപാണ് ആർജെഡി എൽഡിഎഫ് വിടുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. മുന്നണി പ്രാതിനിധ്യമോ ബോര്‍ഡ് കോര്‍പ്പറേഷന്‍ പ്രാതിനിധ്യമോ ഇല്ലാത്തതിൽ ആർജെഡി അതൃപ്തരാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തെ ധാരണ സിപിഐഎം തെറ്റിച്ചത് ചൂണ്ടിക്കാണിച്ചാണ് ആർജെഡി മുന്നണി വിടാനൊരുങ്ങുന്നതെന്നായിരുന്നു വാർത്തകൾ. യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ ആര്‍ജെഡി ആരംഭിച്ചെന്നായിരുന്നു വാർത്ത.
Content Highlights: RJD second most party in ldf,says K P Mohanan