കല്‍പ്പറ്റ: ജീവനൊടുക്കിയ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ വീട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിങ്കളാഴ്ച സന്ദര്‍ശിക്കും. മരണശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാരും വിജയന്റെ വീട് സന്ദര്‍ശിച്ചില്ല എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് വി ഡി സതീശന്റെ സന്ദര്‍ശനം. വിജയന്‍ എഴുതിയ കത്ത് കുടുംബം വായിച്ചു കേള്‍പ്പിച്ചപ്പോള്‍ കത്തില്‍ വ്യക്തതയില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞതും ചര്‍ച്ചയായിരുന്നു.
സിപിഐഐം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തിങ്കളാഴ്ച വിജയന്റെ വീട്ടിലെത്തും. രാവിലെ 11 മണിയോടെയാണ് വീട്ടിലെത്തുക.
എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതി ചേര്‍ത്തിരുന്നു. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. ഐസി ബാലകൃഷ്ണനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും പൊലീസ് ചുമത്തിയിരുന്നു. ഐ സി ബാലകൃഷ്ണന് പുറമേ എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.
സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഐസി ബാലകൃഷ്ണന്‍ അടക്കമുള്ളവരുടെ അറസ്റ്റ് ഈ മാസം പതിനഞ്ച് വരെ വയനാട് ജില്ലാ കോടതി തടഞ്ഞിട്ടുണ്ട്.