കോഴിക്കോട്: കേക്ക് വിവാദത്തിൽ സമസ്തയിൽ സമവായം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി ലീഗ് വിരുദ്ധർ. സാദിഖലി ശിഹാബ് തങ്ങളുമായുള്ള വ്യക്തിപരമായ തർക്കങ്ങൾ തീർന്നുവെന്നും തെറ്റിദ്ധാരണ മാറ്റിയെന്നും എസ് വെെഎസ് നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ചർച്ചയ്ക്ക് ക്ഷണിച്ചത് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടിക്കാഴ്ചയിൽ വ്യക്തിപരമായ കാര്യങ്ങളാണ് ചർച്ച ചെയ്തത്. സംഘടനപരമായ കാര്യങ്ങള്‍ സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്നും ഹമീദ് ഫൈസി വ്യക്തമാക്കി.
ചില പ്രതികരണങ്ങൾ പാണക്കാട് സാദിഖ് അലി തങ്ങൾക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഉണ്ടായ പ്രശ്നങ്ങൾ നേതാക്കൾക്ക് ഇടയിൽ അകൽച്ച ഉണ്ടാക്കി. ആശയവിനിമയത്തിലുള്ള അപാകതയാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്നും ഹമീദ് ഫൈസി പറഞ്ഞു. തനിക്ക് തങ്ങളുമായുള്ള വ്യക്തിപരമായ തർക്കങ്ങൾ തീർന്നുവെന്നും ഹമീദ് ഫൈസി വ്യക്തമാക്കി. അദ്ദേഹത്തിന് നിജസ്ഥിതി ബോധ്യപ്പെട്ടിട്ടുണ്ട്. ഉണ്ടായത് ധാരണ പ്രശ്നങ്ങളാണെന്ന് തങ്ങൾക്ക് ബോധ്യമായി. കഴിഞ്ഞ ഒന്ന് രണ്ടു വർഷങ്ങളായി സംഘടന രംഗത്തു നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്തിയെന്നും തങ്ങളുമായുളള ഈ കൂടിക്കാഴ്ച കുറച്ചുകൂടി നേരത്തെ ആകാമായിരുന്നുവെന്നും ഹമീദ് ഫൈസി കൂട്ടിച്ചേർത്തു.
കേക്ക് വിവാദം മാധ്യമ സൃഷ്ടിയാണെന്നും ഹമീദ് ഫൈസി അഭിപ്രായപ്പെട്ടു. തന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു പ്രസ്താവന ഉണ്ടായിട്ടില്ല, ഒരു ചാനലാണ് ഇത് വിവാദമാക്കിയത്. വർഗീയത വളർത്തുന്ന ആളായി തന്നെ ചിത്രീകരിച്ചു. വർഗീയതയുള്ള കാര്യങ്ങൾ സംസാരിച്ചു എന്ന് ആരോപിക്കുന്നവർക്ക് അത് തെളിയിക്കാൻ സാധിക്കില്ല. കേക്ക് വിവാദത്തെക്കുറിച്ച് പുതിയ കാര്യങ്ങൾ പറയാനില്ലെന്നും ഹമീദ് ഫൈസി പ്രതികരിച്ചു.
പിഎംഎ സലാമിന്റെ പ്രതികരണവും ചർച്ചയായിട്ടുണ്ടെന്നും അത് പരിഹരിക്കും എന്ന് നേതാക്കൾ ഉറപ്പ് നൽകിയെന്നും ഹമീദ് ഫൈസി മാധ്യമങ്ങളോട് പറഞ്ഞു. പ്രസംഗങ്ങളിൽ സൂഷ്മത പുലർത്തണമെന്ന് ചർച്ചയിൽ നിർദേശിച്ചതായും ഹമീദ് ഫൈസി കൂട്ടിച്ചേർത്തു. പാണക്കാട് തങ്ങളുമായി ലീഗ് വിരുദ്ധർ ഇന്ന് നടത്തിയ ചർച്ചയിൽ പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തിരുന്നു.
ഹമീദ് ഫൈസിക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമസ്തയിലെ ലീഗ് അനുകൂലികൾ ജിഫ്രി തങ്ങൾക്ക് പരാതി നൽകിയതിന് പിന്നാലെയാണ് സമവായത്തിന് കളമൊരുങ്ങിയത്. നേരത്തെ ക്രിസ്മസ് ആഘോഷ ചടങ്ങിൽ പങ്കെടുത്ത് സാദിഖലി തങ്ങൾ കേക്ക് മുറിച്ചതിനെ ഹമീദ് ഫൈസി അമ്പലക്കടവ് വിമർശിച്ചതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. വിശ്വാസമില്ലെങ്കിലും ഇതരമതാചാരങ്ങളിൽ പങ്കെടുക്കരുതെന്നായിരുന്നു അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ചൂണ്ടിക്കാണിച്ചിരുന്നത്. ഇതര മതങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞിരുന്നു.
ഹമീദ് ഫൈസിയുടെ വിമർശനത്തിൽ മുസ്‌ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പരോക്ഷ പ്രതികരണം നടത്തിയിരുന്നു. ചുറ്റുമുള്ള ബന്ധങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ബന്ധങ്ങളുടെ കണ്ണി പൊട്ടാതെ കാത്തുസൂക്ഷിക്കണം. കാര്യങ്ങളോട് വിവേകത്തോടെ പ്രതികരിക്കണം എന്നുമായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. ഹമീദ് ഫൈസിക്കെതിരെ വിമർശനവുമായി പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്‌ലിം ലീഗ് നേതാക്കളും രംഗത്ത് വന്നിരുന്നു.
Content Highlights: Cake Cut Controversy Between Samastha and Muslimleague is Solved