ആലപ്പുഴ: അസ്വാരസ്യങ്ങൾക്ക് പിന്നാലെ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ഒരുങ്ങി ജി സുധാകരൻ. സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിൽ നിന്നും സമാപന സമ്മേളനത്തിൽ നിന്നും വിട്ടു നിന്നതിന് പിന്നാലെയാണ് ലീഗിന്റെ സെമിനാറിൽ പങ്കെടുക്കാൻ സുധാകരൻ ഒരുങ്ങുന്നത്.
ഇന്ത്യന്‍ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിലാണ് മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി സെമിനാർ സംഘടിപ്പിക്കുന്നത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സെമിനാർ ഉദ്ഘാടനം ചെയ്യും. സിപിഐഎം പ്രതിനിധിയായിട്ടാണ് സുധാകരനെ സെമിനാറിൽ ക്ഷണിച്ചതെന്ന് ലീഗ് നേതാക്കൾ അറിയിച്ചു. ഇന്ന് വൈകീട്ട് 3.30 ന് ആലപ്പുഴ കയർ ക്രാഫ്റ്റ് കൺവെൻഷൻ സെന്ററിൽ വച്ചാണ് സെമിനാർ.
ഇന്നലെ നടന്ന ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ നിന്നും സുധാകരൻ വിട്ടുനിന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പങ്കെടുത്ത പൊതുസമ്മേളനത്തിൽ നിന്നാണ് സുധാകരൻ വിട്ടു നിന്നത്. 1975-ന് ശേഷം സുധാകരൻ പങ്കെടുക്കാത്ത ആദ്യ ജില്ലാ സമ്മേളനമാണിത്. ജില്ലയിലെ കഴിഞ്ഞ 18 സമ്മേളനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു സുധാകരൻ. തുടർന്നാണ് തൊട്ടടുത്ത ദിവസം ലീഗ് സംഘടിപ്പിക്കുന്ന സെമിനാറിൽ സുധാകരൻ പങ്കെടുക്കുന്നത്. സിപിഐഎം ലീഗ് വിമർശനം ശക്തമാക്കിയിരിക്കുന്ന സമയത്ത് കൂടിയാണ് സുധാകരന്റെ ഈ പങ്കാളിത്തം എന്നത് കൂടിയാണ് ശ്രദ്ധേയം.
ജി സുധാകരനോടുള്ള അവഗണനയ്ക്ക് പിന്നാലെ ആലപ്പുഴ സിപിഐഎമ്മിൽ അതൃപ്തി പുകഞ്ഞിരുന്നു. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. നേരത്തെ, സിപിഐഎം അമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരനെ ക്ഷണിച്ചിരുന്നില്ല.
ഉദ്ഘാടന സമ്മേളനത്തിൽ നിന്നും പൊതുസമ്മേളനത്തിൽ നിന്നും ജി സുധാകരനെ ഒഴിവാക്കുകയായിരുന്നു. സുധാകരന്റെ വീടിനടുത്തായിരുന്നു പൊതുസമ്മേളന വേദി. ഇതിന് പിന്നാലെ സുധാകരനെ പാർട്ടിയിലേക്ക് ക്ഷണിച്ച് ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു.
Content Highlights: G Sudhakaran to attend Muslim League seminar