ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിന് എത്താതിരുന്ന ജി സുധാകരന്‍ മുസ്‌ലിം ലീഗ് സെമിനാറില്‍ നിന്നും പിന്‍വാങ്ങി. ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ് സുധാകരന്‍ ഒഴിവായത്.
സുധാകരന്‍ എത്തുമെന്ന് അറിയിച്ചെങ്കിലും പരിപാടിക്ക് മുന്‍പ് വിളിച്ചിട്ട് ഫോണ്‍ എടുത്തില്ലെന്ന് വേദിയില്‍ ലീഗ് ജില്ലാ പ്രസിഡന്റ് എ എം നസീര്‍ പറഞ്ഞു. സിപി ഐഎം പോകരുതെന്ന് തിട്ടൂരം ഇറക്കിയതോ വിലക്കിയതോ ആകണമെന്നും അദ്ദേഹം പറഞ്ഞു.
അതോ സെമിനാറില്‍ ന്യൂനപക്ഷങ്ങളുടെ വിഷയം ചര്‍ച്ച ആയതുകൊണ്ടാണോ സുധാകരന്‍ എത്താതിരുന്നതെന്നും നസീര്‍ ചോദിച്ചു. രമേശ് ചെന്നിത്തലയാണ് സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സിപിഐഎം പ്രതിനിധിയായാണ് സുധാകരനെ ക്ഷണിച്ചിരുന്നത്.
അതോ സമയം സുധാകരനെ പിന്തുണച്ചാണ് രമേശ് ചെന്നിത്തല സംസാരിച്ചത്. 'സ്വന്തം പാര്‍ട്ടിയുടെ പരിപാടിക്ക് വിളിക്കുകയുമില്ല. മറ്റ് പരിപാടിക്ക് വിളിക്കുകയുമില്ല. ജി സുധാകരനെ ആര്‍ക്കും ഒതുക്കാനാവില്ല. വിലക്കിയാല്‍ പിന്മാറുന്നയാളല്ല സുധാകരന്‍. സെമിനാറിന് വന്നില്ലെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് ഒപ്പമുണ്ടെ'ന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മതേതര സംരക്ഷണത്തില്‍ ലീഗ് മുന്നിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ന്നപ്പോള്‍ ലീഗ് നിലപാട് നിര്‍ണായകമായി. ഇതിന് ലീഗിന് വലിയ വില കൊടുക്കേണ്ടി വന്നു. സാദിഖലി തങ്ങള്‍ റോമില്‍ പോയത് മതേതരത്വം ഉയര്‍ത്താനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുസ്‌ലിം ലീഗിനെ കടന്നാക്രമിച്ച് മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രിക്ക് അധികം സാധിക്കില്ല. ലീഗിനെ മുഖ്യമന്ത്രി അനാവശ്യമായി ആക്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Content Highlights: G Sudhakaran withdraws from Muslim League seminar