തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി കേസിൽ ഭർത്താവിൻ്റെ കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് ഭാര്യ സുലോചന റിപ്പോർട്ടറിനോട്. സമാധി ആയ സ്ഥലം പൊളിച്ചാൽ ശക്തി പോകുമെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനും സമ്മതിക്കില്ലെന്നുമാണ് ഭാര്യയുടെ പ്രതികരണം.
നെയ്യാറ്റിൻകരയിൽ ആറാലുംമൂട് സ്വദേശി ഗോപൻ സമാധിയായെന്ന് അവകാശപ്പെട്ടാണ് കുടുംബം കല്ലറ നിർമ്മിച്ചത്. സംസ്‌കാരം നടത്തിയ ശേഷം മക്കൾ പതിച്ച പോസ്റ്ററിലൂടെയാണ് ഗോപൻ്റെ മരണവിവരം സമീപവാസികളും ബന്ധുക്കളുമറിഞ്ഞത്. സംഭവത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തിരുന്നു. സംസ്‌കാരം നടന്ന സ്ഥലത്ത് കാവലും ഏർപ്പെടുത്തി. കൊലപാതകമാണോ എന്ന് നാട്ടുകാർ സംശം ഉയർത്തിയതോടെയാണ് കല്ലറ തുറക്കണമെന്ന ആവശ്യത്തിലേയ്ക്ക് പൊലീസ് എത്തിയത്.
ഗോപൻ സ്വാമി എന്ന് വിളിക്കുന്ന ഗോപൻ സമാധിയായെന്നാണ് കുടുംബം പറയുന്നതെങ്കിലും സംസ്കാരം നാട്ടുകാർ അറിയാതെയാണ് നടന്നത്. അന്ത്യകർമ്മങ്ങൾ ചെയ്തുവെന്നാണ് കുടുംബാംഗങ്ങൾ പൊലീസിന് നൽകിയ മൊഴി. ബന്ധുകളുടെ മൊഴിയിൽ അടിമുടി വൈരുധ്യമുണ്ടായിരുന്നു.
ഇതിനിടെ കല്ലറ ഇന്ന് പൊളിക്കാൻ ഉത്തരവിറങ്ങിയിട്ടുണ്ട്. ഗോപൻ്റെ മൃതദേഹം ഇന്ന് പുറത്തെടുത്തേക്കും. കളക്ടറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ആർഡിഒയുടെ സാന്നിധ്യത്തിലാകും കല്ലറ പൊളിക്കുക.
Content Highlights: gopan swamy's wife says that tomb demolition will not be allowed