ഹമീദ് ഫൈസിക്കെതിരെ നടപടി വേണം; ജിഫ്രി തങ്ങൾക്ക് പരാതി നൽകി സമസ്തയിലെ ലീഗ് അനുകൂലികൾ

സമസ്തയിൽ തർക്കപരിഹാരത്തിന് ഉപസമിതി രൂപീകരിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഹമീദ് ഫൈസിയ്ക്കെതിരെ ഒരുവിഭാ​ഗം പരാതിയുമായി രം​ഗത്ത് വന്നിരിക്കുന്നത്

dot image

മലപ്പുറം: ഹമീദ് ഫൈസിക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി. സമസ്തയിലെ ലീ​ഗ് അനുകൂലികളാണ് ഇത് സംബന്ധിച്ച് ജിഫ്രി തങ്ങൾക്ക് കത്ത് നൽകിയത്. ഹമീദ് ഫൈസി അമ്പലക്കടവിനെ സംഘടനാ പദവികളിൽ നിന്നും മാറ്റി നിർത്തണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്. 25ഓളം നേതാക്കളാണ് കത്ത് നൽകിയിരിക്കുന്നത്. മുശാവറ തീരുമാനത്തിന് എതിരെ ഹമീദ് ഫൈസി വിഭാ​ഗീയ പ്രവർത്തനം നടത്തുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചെമ്മാട് ദാറുൽ ഹുദായിൽ വെച്ചാണ് സമസ്തയിലെ ലീ​ഗ് അനുകൂല വിഭാ​ഗം നേതാക്കൾ ജിഫ്രി തങ്ങൾക്ക് കത്ത് നൽകിയത്. സമസ്തയിൽ തർക്കപരിഹാരത്തിന് ഉപസമിതി രൂപീകരിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഹമീദ് ഫൈസിയ്ക്കെതിരെ ഒരുവിഭാ​ഗം പരാതിയുമായി രം​ഗത്ത് വന്നിരിക്കുന്നത്.

നേരത്തെ ക്രിസ്മസ് ആഘോഷ ചടങ്ങിൽ പങ്കെടുത്ത് സാദിഖലി തങ്ങൾ കേക്ക് മുറിച്ചതിനെ സമസ്തയിലെ മുസ്‌ലിം ലീ​ഗ് വിരുദ്ധനേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് വിമർശിച്ചിരുന്നു. വിശ്വാസമില്ലെങ്കിലും ഇതരമതാചാരങ്ങളിൽ പങ്കെടുക്കരുതെന്നായിരുന്നു അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ചൂണ്ടിക്കാണിച്ചിരുന്നത്. ഇതര മതങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞിരുന്നു. ലീഗിൻ്റെ മുൻ നേതാക്കൾ ഇത്തരം കാര്യങ്ങളിൽ മാതൃക കാണിച്ചിട്ടുണ്ടെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞിരുന്നു.

ഹമീദ് ഫൈസിയുടെ വിമർശനത്തിൽ മുസ്‌ലിം ലീ​ഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പരോക്ഷ പ്രതികരണം നടത്തിയിരുന്നു. ചുറ്റുമുള്ള ബന്ധങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ബന്ധങ്ങളുടെ കണ്ണി പൊട്ടാതെ കാത്തുസൂക്ഷിക്കണം. കാര്യങ്ങളോട് വിവേകത്തോടെ പ്രതികരിക്കണം എന്നുമായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.

ഹമീദ് ഫൈസിക്കെതിരെ വിമർശനവുമായി പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്‌ലിം ലീ​ഗ് നേതാക്കളും രം​ഗത്ത് വന്നിരുന്നു. പൊതു സമൂഹത്തെ കൂട്ടു പിടിച്ച് മാത്രമേ പാർട്ടി മുന്നോട്ട് പോകൂ എന്നും അല്ലാത്തതൊക്കെ വിഭാഗീയതയോ വർഗീയതയോ ആണെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവനകളെ കേരളം അവജ്ഞയോടെ നേരിടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. താൻ ഉൾപ്പെട്ട കേസുകളിൽ നിന്ന് ഊരിപ്പോരാൻ ഇടതുമുന്നണി സഹായിക്കും എന്ന ധാരണയാണ് ചിലർക്കെന്നായിരുന്നു ഹമീദ് ഫൈസിയെ ലക്ഷ്യമിട്ടുള്ള മുസ്‌ലിം ലീ​ഗ് ജനറൽ സെക്രട്ടറി എംഎ സലാമിൻ്റെ വിമർശനം. അണികൾ കൈകാര്യം ചെയ്യുന്ന തരത്തിലേയ്ക്ക് കാര്യങ്ങൾ എത്തിക്കരുതെന്നായിരുന്നു മുസ്‌ലിം ലീ​ഗ് സെക്രട്ടറി ഷാഫി ചാലിയത്തിൻ്റെ പ്രതികരണം. സൗഹാർദ്ദത്തിന് കേക്ക് മുറിയ്ക്കാം എന്ന നിലപാടുമായി സമസ്തയിലെ ലീ​ഗ് അനുകൂല നേതാവായ അബ്ദു സമദ് പൂക്കോട്ടൂർ രം​ഗത്ത് വന്നിരുന്നു.

ഇതിന് പിന്നാലെ പ്രതികരണത്തിൽ വിശദീകരണവുമായി ഹമീദ് ഫൈസിയും രം​ഗത്ത് വന്നിരുന്നു. വാക്കുകൾ വളച്ചൊടിച്ചുവെന്നായിരുന്നു ഹമീദ് ഫൈസിയുടെ വിശദീകരണം. സാദിഖലി തങ്ങൾക്കോ ലീ​ഗിനോ എതിരെ പറഞ്ഞിട്ടില്ലെന്നും സാദിക്കലി തങ്ങളെ വിമർശിച്ചിട്ടില്ലെന്നും ഹമീദ് ഫൈസി പറഞ്ഞിരുന്നു. പ്രസംഗത്തിൽ ഇനി സൂക്ഷ്മത പുലർത്തുമെന്നും സാദിഖലി തങ്ങൾ പുരോഹിതന്മാരെ കണ്ടതിൽ തെറ്റില്ലെന്നും ഹമീദ് ഫൈസി പറഞ്ഞിരുന്നു. സമസ്ത എന്നും മതേതര നിലപാടിനൊപ്പമാണെന്നും ഹമീദ് ഫൈസി വ്യക്തമാക്കിയിരുന്നു.

ക്രിസ്മസ് ദിനത്തിൽ സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തിയിരുന്നു. ബിഷപ്പ് വർഗീസ് ചക്കാലക്കലിനൊപ്പം സാദിഖലി തങ്ങൾ ക്രിസ്മസ് കേക്കും മുറിച്ചിരുന്നു. ഈ വിഷയമാണ് ഇപ്പോൾ സമസ്തയിലെ ഇരുവിഭാ​ഗങ്ങളും തമ്മിലുള്ള തർക്കത്തിന് വഴിതെളിച്ചിരിക്കുന്നത്. ക്രിസ്തീയ സമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം നിലനിർത്തുമെന്ന് നേരത്തെ സന്ദർശനത്തിന് ശേഷം തങ്ങൾ വ്യക്തമാക്കിയിരുന്നു. ക്രിസ്മസ് ദിനത്തിൽ ആശംസകൾ അറിയിക്കാനായി തങ്ങൾ എത്തിയതിൽ വലിയ സന്തോഷമുണ്ടെന്നായിരുന്നു സന്ദർശനത്തോടുള്ള കോഴിക്കോട് രൂപത ബിഷപ്പ് വർഗീസ് ചക്കാലക്കലിൻ്റെ പ്രതികരണം. മുസ്‌ലിം ലീ​ഗ് നേതാക്കളായ ഡോ. എം കെ മുനീർ എംഎൽഎ, ഉമർ പാണ്ടികശാല, പി ഇസ്മായിൽ, ടിപിഎം ജിഷാൻ, എൻ സി അബൂബക്കർ എന്നിവരും സാദിഖലി തങ്ങൾക്കൊപ്പം കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തിയിരുന്നു.

Content Highlights: League supporters in Samasta filed a complaint against Abdul Hameed Faizy Ambalakadavu

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us