'വ്യക്തിപരമായ കാരണങ്ങളാൽ നിയമസഭാംഗത്വം രാജിവെക്കുന്നു'; സ്വന്തം കൈപ്പടയിൽ രാജി കത്ത് എഴുതി അൻവർ

സ്വന്തം കൈപ്പടയിൽ എഴുതിയിട്ടുള്ളതാണ് സ്പീക്കറിന് അയച്ച രാജിക്കത്ത്

dot image

തിരുവനന്തപുരം: വ്യക്തിപരമായ കാരണങ്ങളാൽ നിയമസഭാംഗത്വം സ്വമേധയാ രാജിവെക്കുകയാണെന്ന് രാജി കത്തിൽ വ്യക്തമാക്കി പി വി അൻവർ. അൻവർ സ്വന്തം കൈപ്പടയിൽ എഴുതിയ രാജി കത്ത് റിപ്പോർട്ടറിന് ലഭിച്ചു.

'പതിനഞ്ചാം കേരള നിയമസഭയിലേക്ക് നിലമ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗമാണ് ഞാൻ എന്ന പിവി അൻവർ. വ്യക്തിപരമായ കാരണങ്ങളാൽ എന്റെ നിയമസഭാംഗത്വം സ്വമേധയാ ഈ നിമിഷം തൊട്ട് ഞാൻ രാജിവെക്കുകയാണ്. ഈ രാജിക്കത്ത് സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ കത്ത് എന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിട്ടുള്ളതാണ്', എന്നാണ് രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്. പതിനൊന്നാം തീയതി ഇ-മെയിൽ സന്ദേശം വഴി ഡിജിറ്റൽ സിഗ്നേച്ചറോടെയാണ് സ്പീക്കർക്ക് അൻവർ രാജി കത്ത് അയച്ചത്.

രാജിക്കത്തിൽ പറയുന്നത്

സാർ,
പതിനഞ്ചാം കേരള നിയമസഭയിലേക്ക് നിലമ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗമാണ് ഞാൻ എന്ന പിവി അൻവർ. വ്യക്തിപരമായ കാരണങ്ങളാൽ എന്റെ നിയമസഭാംഗത്വം സ്വമേധയാ ഈ നിമിഷം തൊട്ട് ഞാൻ രാജിവെക്കുകയാണ്. ഈ രാജിക്കത്ത് സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ കത്ത് എന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിട്ടുള്ളതാണ്.
ഇന്നേ ദിവസം അങ്ങയുടെ ഓഫീസിൽ എത്തിച്ചേരാൻ കഴിയാത്തതുകൊണ്ടാണ് എംഎൽഎയുടെ ഔദ്യോഗിക ഇ-മെയിൽ സന്ദേശം വഴി എന്റെ ഡിജിറ്റൽ സിഗ്നേച്ചർ നൽകി അയക്കുന്നത്. നാളെ ഞായർ അവധിയുമാണ്. 13-01-2025-ന് അങ്ങയുടെ ഓഫീസിൽ ഈ കത്ത് നേരിട്ട് സമർപ്പിക്കുകയും ചെയ്യും.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ നിര്‍ദേശപ്രകാരമാണ് എംഎല്‍എ പദവി ഒഴിഞ്ഞതെന്ന് അൻവർ വ്യക്തമാക്കി. എംഎൽഎ സ്ഥാനം രാജിവെച്ച് പോരാട്ടത്തിനിറങ്ങിയാല്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം പാര്‍ലമെന്റില്‍ ഉന്നയിക്കാമെന്നും ഇന്‍ഡ്യാസഖ്യവുമായി ചര്‍ച്ച ചെയ്യാമെന്നും മമത ഉറപ്പ് നല്‍കിയതായി അന്‍വര്‍ പറഞ്ഞു. സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയ ശേഷം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അന്‍വര്‍ രാജിക്കാര്യം വിശദീകരിച്ചത്.

കേരളത്തിലെ ജനങ്ങള്‍ക്കും പിണറായിസത്തിനെതിരെ പോരാടിയ തനിക്ക് പിന്തുണ നല്‍കിയ ജനങ്ങള്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. മത്സരിക്കാന്‍ അവസരം നല്‍കിയ ഇടതുപക്ഷ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അന്‍വര്‍ നന്ദി അറിയിച്ചു. 

Content Highlights: pv anvar's resignation letter to speaker

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us