തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ച് മലയോര സമര പ്രചരണയാത്ര നടത്താൻ യുഡിഎഫ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രചരണയാത്ര നയിക്കും. ജനുവരി 27 മുതൽ ഫെബ്രുവരി അഞ്ച് വരെയാണ് മലയോര സമര പ്രചരണയാത്ര. വനംനിയമ ഭേദഗതി ബിൽ പിൻവലിക്കുക, കാർഷിക മേഖലയിലെ തകർച്ചക്ക് പരിഹാരം ഉണ്ടാക്കുക, ബഫർസോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങളും മലയോര സമര പ്രചരണ യാത്രയിലെ ആവശ്യങ്ങളാണ്. യുഡിഎഫ് കൺവീനർ എം എം ഹസനാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ അറിയിച്ചത്.
ജനുവരി 27ന് ഇരിക്കൂർ മണ്ഡലത്തിലെ ഉളിക്കലിൽ നിന്ന് മലയോര സമര പ്രചരണയാത്ര ആരംഭിക്കും. ഫെബ്രുവരി 5ന് പാറശാല മണ്ഡലത്തിലെ അമ്പൂരിയിൽ യാത്ര സമാപിക്കും. വനം നിയമ ഭേദഗതി ബിൽ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്നും എം എം ഹസൻ മുന്നറിയിച്ച് നൽകി.
നിലവിലെ വനനിയമ ഭേദഗതി വനത്തിനുള്ളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്നും ഹസൻ ആരോപിച്ചു. പ്രശ്നം പരിഹരിക്കും എന്ന് പറയുന്നതുകൊണ്ട് മാത്രം പ്രക്ഷോഭത്തിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി.
വന്യജീവി ആക്രമത്തിൽ മരിക്കുന്നവർക്ക്ന നിലവിൽ നൽകുന്ന നഷ്ടപരിഹാരം അപര്യാപ്തമാണ്. 10 ലക്ഷം എന്ന നഷ്ടപരിഹാര തുക അപര്യാപ്തമാണ്. നഷ്ടപരിഹാര തുക ഉയർത്തണം. അർഹരായ പലർക്കും ഇന്നും നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ല. മരിക്കുന്നവരുടെ മക്കളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കണമെന്നും എം എം ഹസൻ ആവശ്യപ്പെട്ടു.
പി വി അൻവർ വിഷയത്തിലും യുഡിഎഫ് കൺവീനർ പ്രതികരിച്ചു. അൻവർ വിഷയം യുഡിഎഫ് ചർച്ചക്ക് എടുത്തിട്ടില്ല. ആദ്യം രാജി സ്വീകരിക്കണം. ഇപ്പോൾ തെരഞ്ഞെടുപ്പ് ഇല്ലല്ലോയെന്നും തിരഞ്ഞെടുപ്പ് വരുമ്പോൾ ആലോചിക്കാമെന്നും ഹസൻ വ്യക്തമാക്കി. യുഡിഎഫ് സ്വന്തം നിലയിൽ പിവി അൻവറിനെ സ്വാഗതം ചെയ്യില്ല. കോൺഗ്രസിലേക്ക് വരാൻ അൻവർ താൽപര്യം പ്രകടിപ്പിച്ചാൽ മാത്രം മറ്റു കാര്യങ്ങൾ സംസാരിക്കാമെന്നും ഹസൻ കൂട്ടിച്ചേർത്തു.
അൻവർ പത്രസമ്മേളനത്തിൽ പറയുന്നതിന്റെ അടിസ്ഥാനത്തിൽ മറുപടി പറയാൻ കഴിയില്ല. യുഡിഎഫിൻ്റെ മുൻപിൽ വരുമ്പോൾ മാത്രം ആലോചിക്കാം. രാജി ഒരു ചലനവും ഉണ്ടാകില്ലെന്ന എം.വി ഗോവിന്ദൻ്റെ പ്രസ്താവനയോടും ഹസൻ പ്രതികരിച്ചു. അങ്ങനെ ഒരു അഭിപ്രായം തനിക്കില്ലെന്നും എം എം ഹസൻ വ്യക്തമാക്കി.
Content Highlights: UDF to lead 9-day campaign against proposed Forest Amendment Act