കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ ബോബി ചെമ്മണ്ണൂർ നൽകിയ ജാമ്യാപേക്ഷയിൽ ഉത്തരവ് മൂന്നരയ്ക്ക്. ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി വാക്കാൽ പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യഹര്‍ജി പരിഗണിച്ചത്. ദ്വയാർത്ഥ പ്രയോഗം ഇല്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ അധിക്ഷേപിക്കുന്നുവെന്നും കോടതി പറഞ്ഞു. ബോബിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയാണ് ഹാജരായത്.
ബോബിയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ വിടുന്നതെന്തിനെന്ന് കോടതി ചോദിച്ചു. പ്രതി നടിയെ തുടര്‍ച്ചയായി അപമാനിച്ചെന്നും നിരന്തരം അശ്ലീലപരാമര്‍ശം നടത്തിയെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി. ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ പ്രതി റിമാന്‍ഡിലായപ്പോള്‍ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നാണ് കോടതി നൽകിയ മറുപടി. ആര്‍ക്കെതിരെ എന്തും സമൂഹമാധ്യമങ്ങളില്‍ എഴുതാം എന്ന അവസ്ഥയാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
നേരത്തെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ബോബിയുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. തുടര്‍ന്ന് ജാമ്യഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
Content Highlights: Bail for Bobby Chemmanur