പത്തനംതിട്ട: ശബരിമലയിൽ മകരജ്യോതി ദൃശ്യമായി. ദീപാരാധനയ്ക്ക് ശേഷമാണ് മകരജ്യോതി ദൃശ്യമായത്. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെക്കാണാന്‍ വൻ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായത് കാണാൻ രണ്ട് ലക്ഷത്തോളം ഭക്തരാണ് സന്നിധാനത്ത് എത്തിച്ചേർന്നത്. അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര മകരജ്യോതി ദൃശ്യമാകുന്നതിന് മുൻപാണ് സന്നിധാനത്ത് എത്തിച്ചേർന്നത്. തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി. തുടർന്ന് സോപാനത്തെത്തിച്ച് അയ്യപ്പന് തിരുവാഭരണം ചാർത്തി. തുടർന്ന് നടയടച്ച് ദീപാരാധന നടന്നു. മകരജ്യോതി ദൃശ്യമായതോടെയാണ് നടതുറന്നത്.
മകര ജ്യോതി ദര്‍ശിക്കാന്‍ പതിനായിരക്കണക്കിന് ഭക്തരാണ് ശബരിമലയുടെ വിവിധ ഭാഗങ്ങളിലായി മണിക്കൂറുകളോളം കാത്തിരുന്നത്. ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. ജനുവരി 20ന് മകരവിളക്ക് ഉത്സവത്തിന് ശേഷം ശബരിമല നട അടക്കും. മകര ജ്യോതി ദര്‍ശനത്തിന് പ്രത്യേക സ്‌പോട്ടുകള്‍ നിലക്കലിലും പമ്പയിലും സന്നിധാനത്തും പൊലീസും ദേവസ്വം ബോര്‍ഡും ചേർന്ന് അനുവദിച്ചിരുന്നു. നിലയ്ക്കലില്‍ ഇലവുങ്കല്‍, അട്ടത്തോട്, പടിഞ്ഞാറേ കോളനി, നെല്ലിമല, അയ്യന്‍മല എന്നീ അഞ്ച് സ്‌പോട്ടുകൾ ഭക്തർക്കായി ഒരുക്കിയിരുന്നു. പമ്പയിലും മൂന്ന് സ്‌പോട്ടുകള്‍ സജ്ജമാക്കിയിരുന്നു. ശബരിമലയെ ഭക്തി സാന്ദ്രമാക്കിയാണു തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക് എത്തിയത്.
Content Highlights: makara jyothi at ponnambalamedu