ഗോപന്‍ സ്വാമിയാകുന്നതിന് മുമ്പ് മണിയന്‍; ചുമട്ടുതൊഴിലാളി, അഞ്ച് വര്‍ഷം മുമ്പ് പദ്മപീഠം നിര്‍മ്മിച്ചു

രാവിലെ പത്തരയോടെ അച്ഛന്‍ നടന്നാണ് സമാധിപീഠത്തിലിരുത്തിയതെന്നും തന്നെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചിരുന്നുവെന്നും പൂജാരിയായ മകന്‍ രാജശേഖരന്‍ പറഞ്ഞു.

dot image

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്‍ സ്വാമിയെന്ന പേര് ചര്‍ച്ചയായത്. അതിയന്നൂര്‍ കാവുവിളാകത്ത് ഗോപന്‍സ്വാമിയുടെ മരണത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.

നെയ്ത്തുതൊഴിലാളിയായാണ് ഗോപന്‍ സ്വാമി തൊഴില്‍ ജീവിതം ആരംഭിക്കുന്നത്. ഗോപന്‍ സ്വാമിയാകുന്നതിന് മുമ്പ് മണിയന്‍ എന്ന പേരായിരുന്നു ഉണ്ടായിരുന്നത്. പ്ലാവിളയിലാണ് ആദ്യം താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് നെയ്ത്തു തൊഴില്‍ ചെയ്തത്. പിന്നീട് ചുമട്ടുതൊഴിലാളിയായി. ഇവിടെ നിന്ന് പിന്നീട് ആറാലുംമൂട്ടിലേക്ക് കുടുംബത്തോടൊപ്പം താമസം മാറുകയായിരുന്നു.

നേരത്തെ എഐടിയുസി യൂണിയനായിരുന്നു. പിന്നീട് ബിഎംഎസിലേക്ക് മാറി. ആറാലുംമൂട് ചന്തക്ക് സമീപമാണ് താമസിച്ചിരുന്നത്. ഇരുപത് വര്‍ഷം മുമ്പാണ് കാവുവിളയില്‍ സ്ഥലം വാങ്ങി വീട് വെച്ചത്. പിന്നീട് വീടിനോട് ചേര്‍ന്ന് കൈലാസനാഥന്‍ മഹാദേവര്‍ ക്ഷേത്രം നിര്‍മ്മിച്ചത്. ക്ഷേത്രത്തിന് പുറത്തായി അഞ്ച് വര്‍ഷം മുമ്പ് സമാധിപീഠവും ഒരുക്കിയിരുന്നു.

ഗോപന്‍സ്വാമിയുടെ മൂത്തമകന്‍ നേരത്തെ മരിച്ചു. പിന്നെയുള്ള രണ്ട് ആണ്‍മക്കളില്‍ ഇളയവനായ രാജശേഖരന്‍ അച്ഛനൊപ്പം പൂജകളില്‍ പങ്കാളിയായി. രക്താധിസമ്മര്‍ദ്ദവും പ്രമേഹവും കാരണം പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണ് ഗോപന്‍ സ്വാമി തുടര്‍ന്നിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗോപന്‍ സ്വാമി പുറത്തിറങ്ങാനാവാതെ കിടപ്പിലായി.

സമാധിയായെന്ന് മക്കള്‍ പ്രഖ്യാപിച്ചതിന് മൂന്ന് ദിവസം മുമ്പാണ് ചികിത്സക്കായി ഗോപന്‍ സ്വാമി ആശുപത്രിയില്‍ പോയത്. അച്ഛന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സമാധിയിരുത്തിയതെന്ന് മക്കള്‍ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ അച്ഛന്‍ നടന്നാണ് സമാധിപീഠത്തിലിരുത്തിയതെന്നും തന്നെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചിരുന്നുവെന്നും പൂജാരിയായ മകന്‍ രാജശേഖരന്‍ പറഞ്ഞു.

Content Highlights: Maniyan before becoming Gopan Swami

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us