'പരസ്യമായി പറഞ്ഞത് പരസ്യമായി തിരുത്തണം'; സമസ്ത നേതാക്കളുടെ വാര്‍ത്താ സമ്മേളനം തള്ളി ലീഗ് നേതൃത്വം

നടത്തിയ ചര്‍ച്ചയുടെ അന്തസത്ത പുലര്‍ത്തുന്നതല്ല പ്രതികരണമെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിമര്‍ശനം

dot image

കോഴിക്കോട്: സമസ്തയിലെ മുസ്‌ലിം ലീഗ് വിരുദ്ധര്‍ക്കെതിരെ രൂക്ഷ പ്രതികരണങ്ങളുമായി ലീഗ് നേതൃത്വം. സമസ്ത നേതാക്കളുടെ വാര്‍ത്താസമ്മേളനം തള്ളി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും. സമസ്ത നേതാക്കള്‍ ചര്‍ച്ചയിലെ ധാരണ തെറ്റിച്ചുവെന്നും നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഹമീദ് ഫൈസി ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം നീതി പുലര്‍ത്തുന്നതല്ല. പരസ്യമായി പറഞ്ഞ കാര്യങ്ങള്‍ പരസ്യമായി തന്നെയാണ് തിരുത്തേണ്ടത്. ഹമീദ് ഫൈസിയും മുക്കം ഉമര്‍ ഫൈസിയും അടക്കമുള്ളവര്‍ പാണക്കാട് എത്തി ചര്‍ച്ച നടത്തി. ജിഫ്രി മുത്തുക്കോയ തങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു', സാദിഖലി തങ്ങള്‍ പറഞ്ഞു.

സമസ്തയിലെ നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. തങ്ങള്‍ക്കെതിരായ പ്രസ്താവനകളില്‍ മനോവിഷമുണ്ടായെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞെന്നും ഖേദം പ്രകടിപ്പിച്ചത് പൊതുസമൂഹത്തെ അറിയിക്കണമെന്നായിരുന്നു തീരുമാനമെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ആ ധാരണ പാലിച്ചില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.

നടത്തിയ ചര്‍ച്ചയുടെ അന്തസത്ത പുലര്‍ത്തുന്നതല്ല പ്രതികരണമെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിമര്‍ശനം. അതൃപ്തി ലീഗ് നേതാക്കള്‍ സമസ്തയോട് നേരിട്ടറിയിച്ചിട്ടുണ്ട്. അടുത്ത സമവായ ചര്‍ച്ച നിശ്ചയിച്ചത് ഈ മാസം 23നായിരുന്നു. നിലവിലെ സാഹചര്യത്തില്‍ 23 ലെ ചര്‍ച്ചയുടെ കാര്യം പുനരലോചിക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി ലീഗ് വിരുദ്ധര്‍ കൂടിക്കാഴ്ച നടത്തിയത്. സാദിഖലി ശിഹാബ് തങ്ങളുമായുള്ള വ്യക്തിപരമായ തര്‍ക്കങ്ങള്‍ തീര്‍ന്നുവെന്നും തെറ്റിദ്ധാരണ മാറ്റിയെന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എസ് വൈഎസ് നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കൂടിക്കാഴ്ചയില്‍ വ്യക്തിപരമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. സംഘടനപരമായ കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും ഹമീദ് ഫൈസി പറഞ്ഞിരുന്നു. 'ചില പ്രതികരണങ്ങള്‍ പാണക്കാട് സാദിഖ് അലി തങ്ങള്‍ക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഉണ്ടായ പ്രശ്‌നങ്ങള്‍ നേതാക്കള്‍ക്ക് ഇടയില്‍ അകല്‍ച്ച ഉണ്ടാക്കി. ആശയവിനിമയത്തിലുള്ള അപാകതയാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം. തങ്ങളുമായുള്ള വ്യക്തിപരമായ തര്‍ക്കങ്ങള്‍ തീര്‍ന്നു', ഹമീദ് ഫൈസി പറഞ്ഞു. കേക്ക് വിവാദം മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Muslim League Leaders rejected Samasata leaders press meet

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us