കോഴിക്കോട്: രാജി വെച്ച നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ പാെളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെയാണ് എം വി ഗോവിന്ദൻ രംഗത്തെത്തിയത്.
അൻവർ ശത്രുവായി പ്രഖ്യാപിച്ചയാളാണ് പി ശശി എന്നും ആ ശശി പറഞ്ഞിട്ടാണ് പ്രതിപക്ഷ നേതാവിനെതിരെ ആരോപണമുന്നയിച്ചതെന്നാണ് ഇപ്പോൾ പറയുന്നത് എന്നും എം വി ഗോവിന്ദൻ പറഞ്ഞു. അൻവറിന് ഇനി മറുപടിയില്ല എന്നും യുഡിഎഫിൽ പോകാൻ മാപ്പപേക്ഷ തയ്യാറാക്കി നിൽക്കുകയാണ് അദ്ദേഹമെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. ഉപതിരഞ്ഞെടുപ്പിന് എല്‍ഡിഎഫ് തയ്യാറാണെന്നും ഗോവിന്ദൻ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം എംഎൽഎ സ്ഥാനം രാജിവെച്ച ശേഷം പി വി അൻവർ ശശിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വി ഡി സതീശനെതിരെ നിയമസഭയില്‍ അൻവർ ഉന്നയിച്ച 150 കോടിയുടെ അഴിമതി ആരോപണം പി ശശിയുടെ നിർദേശപ്രകാരമാണെന്നായിരുന്നു അൻവറിന്‍റെ വെളിപ്പെടുത്തല്‍. തുടർന്ന് പ്രതിപക്ഷ നേതാവിനോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. നിരന്തരം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങളില്‍ അമര്‍ഷം ഉണ്ടായിരുന്നു. അങ്ങനെയാണ് പി ശശിയുടെ നിര്‍ദേശ പ്രകാരം അഴിമതി ആരോപണം ഉന്നയിച്ചതെന്നും അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു.
'പാപഭാരങ്ങള്‍ ചുമന്നാണ് നടക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും നിരവധി ആരോപണങ്ങള്‍ മാത്യു കുഴല്‍നാടന്‍ ഉള്‍പ്പെടെയുള്ളവര്‍ കൊണ്ടുവന്നിരുന്നു. അതില്‍ പ്രതിപക്ഷത്തോട് വിദ്വേഷം ഉണ്ടായിരുന്നു. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണ് സതീശനെതിരെ ആരോപണം ഉന്നയിക്കാന്‍ പറയുന്നത്. 150 കോടിയുടെ അഴിമതി സതീശന്‍ നടത്തിയെന്ന് എംഎല്‍എ സഭയില്‍ ഉന്നയിക്കണമെന്ന് പറഞ്ഞു. എനിക്കും ആവേശം വന്നു. പിതാവിനെ പോലെ സ്‌നേഹിച്ച വ്യക്തിയെ ആക്രമിക്കുന്നതില്‍ എനിക്ക് അമര്‍ഷം ഉണ്ടായിരുന്നു. അങ്ങനെയാണ് വി ഡി സതീശനെതിരെ ആരോപണം ഉന്നയിക്കുന്നത്. സ്പീക്കറുടെ അനുമതിയോടെയാണ് ഉന്നയിക്കുന്നത്', എന്നായിരുന്നു പി വി അന്‍വറിന്‍റെ വെളിപ്പെടുത്തല്‍.
Content Highlights: MV Govindan against PV Anvar