മരുത്വാമലയിലെ ഗുഹയിൽ ധ്യാനമിരിക്കുമായിരുന്നു, അഞ്ച് വർഷം മുന്നേ സമാധിക്ക് തയ്യാറായി;ഗോപന്റെ ഭാര്യ

മൂക്കുപൊത്തി ശ്വാസം പിടിച്ചിരിക്കുന്ന ഗോപന്‍ സ്വാമിയെയാണ് താന്‍ കണ്ടതെന്ന് ഭാര്യ സുലോചന

dot image

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധി കേസില്‍ കൂടുതല്‍ വിശദീകരണവുമായി കുടുംബം. തങ്ങള്‍ പറയുന്നത് സത്യമാണെന്നും സമാധി പൊളിക്കാന്‍ അനുവദിക്കില്ലെന്നും ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചനയും മകന്‍ സനന്ദനും റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

സമാധിയാവുന്ന കാര്യം മൂന്ന് ദിവസം മുമ്പ് അച്ഛന്‍ അമ്മയോട് പറഞ്ഞിരുന്നു. പ്രായത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളേ അച്ഛനുണ്ടായിരുന്നുള്ളൂ. ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിട്ടുള്ളയാളാണ് അച്ഛന്‍. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സമാധിക്കാവശ്യമായ സാമഗ്രികള്‍ അച്ഛന്‍ തയ്യാറാക്കി വെച്ചിരുന്നു.

പത്മാസനത്തിലിരിക്കുന്ന പീഠവും കരിങ്കല്ലില്‍ തീര്‍ത്ത സ്ലാബും തയ്യാറാക്കിവെച്ചിരുന്നു. സമാധിയാവുമ്പോള്‍ ഉപയോഗിക്കണമെന്ന് പറഞ്ഞിരുന്നു. അച്ഛന്‍ സമാധിയായെന്ന് അനുജനാണ് വിളിച്ച് പറഞ്ഞത്. ജോലിസ്ഥലത്ത് നിന്ന് എത്തുകയായിരുന്നു. അച്ഛന്റെ കൈ പിടിച്ചപ്പോള്‍ കനം വെച്ചിരുന്നു. മൂക്കില്‍ ശ്വാസം ഉണ്ടായിരുന്നില്ല. സമാധിയായി ഇരുന്ന സ്ഥലത്ത് നിന്നും അച്ഛനെ അനക്കിയില്ല. ചുടുകല്ല് കൊണ്ട് ചുറ്റും കെട്ടി കര്‍മ്മങ്ങള്‍ ചെയ്തത് ഞങ്ങള്‍ രണ്ട് മക്കളാണ്. രാത്രിയാണ് സ്ലാബ് കെട്ടലും കര്‍മ്മങ്ങളും പൂര്‍ത്തിയായത്. പിറ്റേ ദിവസം രാവിലെ സമാധിയില്‍ വിളക്ക് കത്തിച്ചതിന് ശേഷമാണ്

വിവരം എല്ലാവരെയും അറിയിച്ചത്, മകന്‍ സനന്ദന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

നിവര്‍ന്നിരുന്ന് മൂക്കുപൊത്തി ശ്വാസം പിടിച്ചിരിക്കുന്ന ഗോപന്‍ സ്വാമിയെയാണ് താന്‍ കണ്ടതെന്ന് ഭാര്യ സുലോചനയും പറഞ്ഞു. സമാധിയുമായി ബന്ധപ്പെട്ട് സത്യമാണ് തങ്ങള്‍ പറയുന്നത്. സമാധിയായാല്‍ ശരീരം മറിഞ്ഞുവീഴില്ല. പതിനൊന്നേ കാലോടുകൂടിയാണ് സമാധിയായത് കണ്ടത്. പന്ത്രണ്ടു മണിയോടെ മകന്‍ സനന്ദന്‍ വന്നു. ഗോപന്‍സ്വാമി മരുത്വാമലയിലെ ആശ്രമത്തിലും ഗുഹയിലും ധ്യാനത്തിലിരിക്കുമായിരുന്നു. ഒരാഴ്ചയായി ആഹാരം കുറച്ചിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിരുന്നില്ല. മരുന്ന് കഴിക്കുമായിരുന്നുവെന്നും ഭാര്യ സുലോചന കൂട്ടിച്ചേര്‍ത്തു.

അതേസമയം നെയ്യാറ്റിന്‍കര സമാധി കേസില്‍ ദുരൂഹത സംശയിക്കുകയാണ് പൊലീസ്. ഗോപന്‍ സ്വാമി മരിച്ച ദിവസം രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നുവെന്ന മക്കളുടെ മൊഴി കണക്കിലെടുത്ത് പൊലീസ് അന്വേഷണം നടത്തും. വീട്ടിലേക്ക് വന്നുവെന്ന് മക്കള്‍ പറഞ്ഞ രണ്ടുപേരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നെയ്യാറ്റിന്‍കര പ്ലാവില സ്വദേശികളാണ് വീട്ടിലെത്തിയതെന്നായിരുന്നു മൊഴി. കുടുംബാംഗങ്ങള്‍ അല്ലാതെ മറ്റാരും വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് ഇതുവരെ മക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടുപേര്‍ രാവിലെ വന്ന് ഗോപന്‍ മരിക്കുന്നതിന് മുമ്പ് തിരിച്ചുപോയി എന്നാണ് ഒരു മകന്‍ മൊഴി നല്‍കിയിരിക്കുന്നത്. മക്കളുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട് എന്നാണ് പൊലീസ് നിഗമനം.

കഴിഞ്ഞ ദിവസം ഗോപന്‍ സ്വാമിയെ അടക്കിയ 'സമാധി' പൊളിക്കാനുള്ള തീരുമാനം കനത്ത പ്രതിഷേധം മൂലം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. ഇന്ന് പുതിയ തിയതി തീരുമാനിക്കും. സ്ഥലത്തെ ക്രമ സമാധാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പൊലീസിനോടും ക്രൈംബ്രാഞ്ചിനോടും കൂടി സംസാരിച്ച ശേഷമാവും ഇനി തിയതി നിശ്ചയിക്കുക.

Content Highlight: neyyattinkara samadhy case update

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us