കൊച്ചി: ഹണി റോസിനെതിരെ ബഹുമാനപുരസ്സരം വിമർശനങ്ങൾ തുടരുമെന്ന് രാഹുൽ ഈശ്വർ. തനിക്ക് ജയിലിൽ പോകാൻ പേടിയോ മടിയോ ഇല്ലെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. കമ്മീഷൻ ഫോർ മെൻ ഇവിടെ ആവശ്യമുണ്ട്. തന്നെപ്പോലൊരാൾ പ്രിവിലേജ്ഡ് ബാക്ക്ഗ്രൗണ്ടിൽ നിന്ന് ആയതുകൊണ്ട് സപ്പോർട്ട് ചെയ്യാനാളുണ്ട്. സാധാരണക്കാരനായ ഒരാൾക്ക് പക്ഷേ അങ്ങനെയല്ല. അയാൾ മാനസികമായി തകർന്നുപോകും. സപ്പോർട്ട് ഉണ്ടാവില്ല. അതുകൊണ്ടാണ് മെൻസ് കമ്മീഷൻ വേണ്ടതെന്നും രാഹുൽ പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് രാഹുൽ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടിയിരുന്നു. എന്നാൽ രാഹുലിനെതിരെ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസിന്റെ പരാതി. കൂടാതെ തൃശൂർ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നൽകിയിരുന്നു.
ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വറിൻ്റെ വാദം. ഹണി റോസിൻ്റെ വസ്ത്ര ധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് താൻ ചെയ്തത്. സൈബർ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ല. ആർക്കെതിരെയും സൈബർ അധിക്ഷേപം പാടില്ല എന്നാണ് തൻ്റെ നിലപാട് എന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വറിൻ്റെ വാദം.
Content Highlights: rahul easwar says commission for men required