കിളിമാനൂർ: നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു അറസ്റ്റിൽ. പള്ളിക്കൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മടവൂർ മാവിൻമൂട്ടിൽ ഷെരീഫ ബീവിയുടെ ആൾതാമസമില്ലാതിരുന്ന വീട്ടിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. കൊല്ലം പുത്തൻകുളം ചിറക്കര കുളത്തൂർക്കോണം സ്വദേശിയാണ് നന്ദു ഭവനത്തിൽ എ ബാബു(60) എന്ന തീവെട്ടി ബാബു.
31-ന് രാത്രിയാണ് വീട് കുത്തിത്തുറന്ന് 12 പവൻ വരുന്ന സ്വർണാഭരണങ്ങളും അൻപതിനായിരം രൂപയും പ്രതി കവർന്നത്. വീട്ടിലെ സിസിടിവി ക്യാമറ തകർത്താണ് പ്രതി മോഷണം നടത്തിയത്. പരിസരപ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. 12-ന് രാത്രി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽവെച്ചാണ് പള്ളിക്കൽ പൊലീസ് ബാബുവിനെ പിടികൂടിയത്.
പള്ളിക്കൽ എസ്ഐ ആർ രാജികൃഷ്ണ, ആർ സുനിൽ, സിപിഒ കിരൺ, വിനീഷ്, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് തമ്പാനൂർ റെയിൽവേ പൊലീസിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.
Content Highlights: thief theevetty babu arrested